പൊലീസിൽ ക്രിമിനലുകളുടെ എണ്ണം കൂടുന്നു, മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയണം: മുല്ലപ്പള്ളി


 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കേരള പൊലീസിൽ അച്ചടക്കരാഹിത്യവും അരാജകത്വവും പ്രതിദിനം വർദ്ധിക്കുന്നത് വകുപ്പ് മന്ത്രിയുടെ പിടുപ്പുകേട് കൊണ്ടാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. പട്ടാപകൽ മവേലിക്കരയിൽ സഹപ്രവർത്തകൻ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്നതും കണ്ണൂർ എ.ആർ ക്യാന്പിൽ ജാതിപ്പേര് വിളിച്ച് പൊലീസ് ഉദ്യോഗസ്ഥനെ സഹപ്രവർത്തകർ പീഡിപ്പിച്ചതും സേനയിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ എണ്ണം വർദ്‍ധിക്കുന്നതിന് ഉദാഹരണങ്ങളാണ്. മന്ത്രിയും എം.എൽ.എയും ഉൾപ്പെടെ പാർ‍ട്ടി നേതാക്കളും  സ്ത്രീപീഡനത്തിന്‍റെ പേരിൽ സമൂഹത്തിന് മുന്നിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന സാഹചര്യത്തിൽ ക്രിമിനൽ‍ പശ്ചാത്തലമുള്ള ഒരുകൂട്ടം പൊലീസ് ഉദ്യോഗസ്ഥർ കാണിക്കുന്ന എന്തുവൃത്തികേടിനും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും സംരക്ഷണം നൽകുന്നുവെന്നും മുല്ലപ്പള്ളി ആരോപിച്ചു. 

സ്ത്രീ സുരക്ഷയും സമത്വവും പറഞ്ഞ് നവോത്ഥാന വനിതാ മതിൽ നിർമ്മിച്ച മുഖ്യമന്ത്രിക്ക് വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പോലും സംരക്ഷണം നൽകാൻ കഴിയാത്ത സാഹചര്യത്തിൽ എങ്ങനെയാണ് സമസ്ത മേഖലയിലുമുള്ള സ്ത്രീകൾക്ക് സുരക്ഷ നൽകാൻ‍ കഴിയുകയെന്നും മുല്ലപ്പള്ളി ചോദിച്ചു. സത്യസന്ധരും നീതിമാന്‍മാരുമായ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർഭയമായി പ്രവർത്തിക്കുന്നതിനോ നിഷ്പക്ഷമായി കുറ്റകൃത്യങ്ങളിൽ അന്വേഷണം നടത്താനോ കഴിയാത്ത അവസ്ഥയും നിലനിൽക്കുന്നു.  അതിന് തെളിവാണ് സർക്കിൾ ഇൻസ്‌പെക്ടറുടെ തിരോധാനത്തിന് ഇടയാക്കിയ സംഭവം. ആഭ്യന്തരവകുപ്പിനെ കുറിച്ച് ഒരു ഗ്രാഹ്യവുമില്ലാത്ത മുഖ്യമന്ത്രി ഏതാനും ഉദ്യോഗസ്ഥരുടെ ഉപദേശ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് വകുപ്പ് നിയന്ത്രിക്കുന്നത്. 

സംസ്ഥാന പൊലീസ് മേധാവിക്ക് പുറമെ ഒരു മുൻ ഡി.ജി.പിക്ക് തലസ്ഥാനത്ത് എല്ലാ സൗകര്യങ്ങളും നൽകി മുഖ്യമന്ത്രി ഉപദേശം തേടുന്പോഴാണ് കേരള പൊലീസ് ചരിത്രത്തിൽ ഒരിക്കലുമില്ലാത്ത മൂല്യ തകർ‍ച്ച നേരിടുന്നത്. യുവാക്കളായ ഐ.പി.എസ് ഉദ്യോഗസ്ഥർ എല്ലാവരും പൂർണ്ണമായും അസംതൃപ്തരാണ്. പലരും കേരളത്തിന് പുറത്തേക്ക് സർവ്‍വീസ് നോക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed