യുഡിഎഫ് പ്രതിഷേധം ഫലംകണ്ടു; കണ്ണൂരിൽ ബോംബേറ് കേസ് പ്രതിയെ അറസ്റ്റ് ചെയ്തു
കണ്ണൂർ: യുഡിഎഫ് പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിൽ ബോംബാക്രമണ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പിലാത്തറയിലെ കെ.ജെ ഷാലറ്റിന്‍റെ സിഎം നഗറിലെ വീടിനു നേരെ ബോംബെറിഞ്ഞ സംഭവത്തിലെ മുഖ്യപ്രതിയും സിപിഎം പ്രവര്‍ത്തകനുമായ ഏഴിലോട് അറത്തിപ്പറമ്പിലെ കണിയാല്‍ ഹൗസില്‍ കെ.രതീഷിനെയാണ് (31) പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. ഏഴിലോട്ടെ ചുമട്ടുതൊഴിലാളിയായ രതീഷിനെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു
കഴിഞ്ഞ മാസം 19ന് റീ പോളിംഗ് നടന്ന രാത്രിയാണ് ഷാലറ്റിന്‍റെ വീടിന് നേരെ ബോംബേറുണ്ടായത്. എന്നാൽ കേസിലെ പ്രതികളെ ദിവസങ്ങൾ കഴിഞ്ഞിട്ടും പിടിക്കാതെ പോലീസ് ഒളിച്ചുകളിക്കുകയായിരുന്നു. പോലീസ് നടപടിക്കെതിരേ ഇന്ന് വൈകുന്നേരം കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പിലാത്തറയില്‍ പ്രതിഷേധയോഗം ചേരാനിരിക്കെയാണ് പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തത്. രതീഷിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിനായി ഇന്ന് പരിയാരം പോലീസ് പയ്യന്നൂര്‍ കോടതിയില്‍ അപേക്ഷ നല്‍കും. ഈ കേസില്‍ രണ്ട് പ്രതികളെ കൂടി പിടികിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച നിയമസഭയിൽ സി.ഒ.ടി നസീറിനെ ആക്രമിച്ച സംഭവത്തിൽ അടിയന്തരപ്രമേയത്തിന് അനുമതി തേടി സംസാരിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ വിഷയവും ഉന്നയിച്ചിരുന്നു.

