മുഖ്യമന്ത്രിക്കെതിരെ പോസ്റ്റ് ശരത്‌ലാലിന്റെ ബന്ധുവിന് എസ്എഫ്ഐ ഭീഷണി


കാസർഗോഡ്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാട്സാപ്പ് സ്റ്റാറ്റസിട്ടതിനു കാസര്‍ഗോഡ് പെരിയയില്‍ പ്ലസ് വൺ വിദ്യാര്‍ത്ഥിക്ക് എസ്എഫ്ഐയുടെ ഭീഷണി. സംഘടനയുടെ പേരെഴുതിയ കാര്‍ഡ്, പ്രവേശനോല്‍സവ ദിവസം കൈവശം സൂക്ഷിക്കാത്തതും ഭീഷണിക്ക് കാരണമായി. എസ്എഫ്ഐ അംഗങ്ങളായ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ നിരന്തരം ഭീഷണിപ്പെടുത്തിയതോടെ പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശരത് ലാലിന്‍റെ ബന്ധു കൂടിയായ   വിദ്യാര്‍ത്ഥി മറ്റൊരു സ്കൂളിലേക്ക് മാറ്റംവാങ്ങി.

 
രാവണീശ്വരം ജിഎച്ച്എസ്എസിലാണ് സംഭവം. പ്രവേശനോത്സവത്തിനിടെ എസ്എഫ്ഐ എന്നെഴുതിയ കാര്‍ഡ് മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ നല്‍കി. എല്ലാ ദിവസവും ഇത് കൈയ്യില്‍ കരുതണമെന്നും നിര്‍ദ്ദേശിച്ചു. അന്നു വൈകിട്ടോടെ ഇതേ സ്കൂളില്‍ പ്ലസ്ടൂവിന് പഠിക്കുന്ന വിദ്യാര്‍ത്ഥിയുടെ നമ്പറില്‍നിന്ന് ശരത് ലാലിന്റെ ബന്ധുവിന് ഭീഷണി സന്ദേശങ്ങള്‍ എത്തി. മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്ന വാട്സാപ്പ് സ്റ്റാറ്റസായിരുന്നു പ്രശ്നം. സ്റ്റാറ്റസ് നീക്കം ചെയ്തില്ലെങ്കില്‍ സ്കൂളില്‍ വെച്ചുകാണാമെന്ന് ഭീഷണി. പ്രവേശനോത്സവത്തിനിടെ നല്‍കിയ കാര്‍ഡ് കൈയ്യിലുണ്ടെന്നതിന് തെളിവ് നല്‍കാനും ആവശ്യപ്പെട്ടു.
 
വനിതാ മതിലിനെക്കുറിച്ച് നവമാധ്യമങ്ങളിൽ പോസ്റ്റിട്ടതിന് മർദ്ദനമേറ്റ ഇതേസ്കൂളിലെ വിദ്യാര്‍ത്ഥിയുടെ അനുഭവമുണ്ടാകുമെന്നും മുന്നറിയിപ്പു നൽകി. സമ്മര്‍ദ്ദം താങ്ങാനാകാതെ വിദ്യാര്‍ത്ഥി പെരിയ ഹയര്‍ സെക്കന്‍ഡറി സ്കൂളിലേയ്ക്ക് മാറ്റം വാങ്ങിയതോടെ ഭീഷണിയുടെ സ്വരം കടുത്തു. പുതിയ സ്കൂളിലെത്തിയിട്ടും വിദ്യാർത്ഥിക്കെതിരായ ഭീഷണി തുടരുകയാണ്. വിദ്യാര്‍ത്ഥിയുടെ ഭാവിയോര്‍ത്ത് പോലീസില്‍ പരാതിപ്പെടാന്‍ ഭയക്കുകയാണ് കുടുംബം. അതേസമയം സംഭവത്തില്‍ എസ്എഫ്ഐ അംഗങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന നിലപാടിലാണ് ജില്ലാ നേതൃത്വം

You might also like

  • Lulu Exchange
  • Straight Forward

Most Viewed