വാർത്താ അവതാരകൻ എസ്. ഗോപൻ അന്തരിച്ചു

ന്യൂഡൽഹി: ആകാശവാണി മുൻ വാർത്താ അവതാരകനും മലയാളം വിഭാഗം മേധാവിയുമായിരുന്ന എസ് ഗോപൻ നായർ(79) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ഡൽഹിയിലെ ബത്ര ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഗോപൻ എന്ന പേരിലാണ് വാർത്തകൾ അവതരിപ്പിച്ചിരുന്നത്. മുപ്പത്തൊന്പത് വർഷത്തിലധികം ഡൽഹി ആകാശവാണിയിൽ വാർത്താ അവതാരകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ആകാശവാണിയിൽ നിന്ന് വിരമിച്ച ശേഷം ഒട്ടേറെ പരസ്യങ്ങൾക്കും ശബ്ദം നൽകിയിട്ടുണ്ട്. ശ്വാസകോശം സ്‌പോഞ്ചു പോലെയാണ് എന്ന പരസ്യവാചകം ഏറെ ശ്രദ്ധ നേടിയിരുന്നു. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തിനടുത്ത റോസ്‌കോട്ട് തറവാട്ടിൽ ജനിച്ച ഗോപൻ, വിഖ്യാത സാഹിത്യകാരൻ സി.വി രാമൻപിള്ളയുടെ കൊച്ചുമകനും സിനിമാ നടൻ അടൂർ ഭാസിയുടെ അനന്തരവനുമാണ്. കേരള സർവ്‍വകാലശാലയിൽ നിന്ന് എം.എ ഹിസ്റ്ററി പാസായ ഗോപൻ 1961ലാണ് ആകാശവാണിയിൽ ചേർന്നത്. താൽക്കാലിക ന്യൂസ് റീഡറായിട്ടായിരുന്നു ആകാശവാണിയിലെ ജീവിതം തുടങ്ങുന്നത്. നെഹ്‌റുവിന്റെ മരണം, ആര്യഭട്ടയുടെ വിക്ഷേപണം തുടങ്ങിയവ ആകാശവാണിയിലൂടെ രാജ്യത്തെ അറിയിച്ചത് ഗോപൻ ആണ്. രാജ്യം ഉറ്റുനോക്കിയ പല തെരഞ്ഞെടുപ്പ് ഫലങ്ങളും ഗോപന്റെ ശബ്ദത്തിലൂടെയാണ് പുറത്തെത്തിയത്.