ഭീകരർ കേരളത്തെയും ലക്ഷ്യമിട്ടു; ആക്രമണത്തിന് നിർദ്ദേശം നൽകിയത് ഐഎസിൽ ചേർന്ന മലയാളികൾ


കൊച്ചി: കേരളത്തിൽ പുതുവർഷ ദിനത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന് എൻ.ഐ.എ കസ്റ്റഡിയിലുള്ള റിയാസ് അബൂബക്കർ. അഫ്ഗാനിൽ നിന്നും സിറിയയിൽ നിന്നുമാണ് നിർദ്ദേശം ലഭിച്ചത്. കേരളത്തിൽ നിന്ന് ഐ.എസില്‍ ചേർന്നവരുടേതായിരുന്നു നിർദ്ദേശം. കൊച്ചി അടക്കമുള്ള നഗരങ്ങളെ ലക്ഷ്യം വച്ചെങ്കിലും ഒപ്പമുള്ളവർ പിന്തുണച്ചില്ലെന്നും റിയാസ് എൻ.ഐ.എക്ക് മൊഴി നൽകി.
വിനോദ സഞ്ചാരികൾ ഏറ്റവുമധികം എത്തുന്ന കൊച്ചിയിലെ സ്ഥലങ്ങളിൽ ആക്രമണം നടത്താനായിരുന്നു പദ്ധതി. ഒപ്പമുള്ളവർ എതിർത്തെങ്കിലും താൻ ഇതിനുവേണ്ട കാര്യങ്ങൾ ഒരുക്കി വരികയായിരുന്നുവെന്നും ഇയാൾ മൊഴി നൽകി. ഇതിനിടയിലാണ് എൻ.ഐ.എ റിയാസിനെ അറസ്റ്റ് ചെയ്തത്.
ഇയാളെ ഇന്ന് കൊച്ചിയിലെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രി ദേശീയ അന്വേഷണ ഏജൻസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പാലക്കാട് സ്വദേശിയായ റിയാസിന് ഭീകരരുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. റിയാസിനെയും കാസർഗോഡ് സ്വദേശികളായ രണ്ട് പേരെയും എൻ.ഐ.എ ചോദ്യം ചെയ്ത് വരികയായിരുന്നു.
ശ്രീലങ്കയിൽ നടന്ന ഭീകരാക്രമണവുമായി ഇവർക്ക് നേരിട്ട് ബന്ധമില്ലെന്ന് എൻ.ഐ.എ വ്യക്തമാക്കിയിരുന്നു. എന്നാൽ കേരളത്തിൽ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ആളുകളെ പോയതുമായി ഇവർക്ക് ബന്ധമുണ്ടെന്ന് എൻ.ഐ.എ കണ്ടെത്തിയിരുന്നു. ശ്രീലങ്കൻ സ്ഫോടനത്തിന്‍റെ ആസൂത്രകൻ സഹ്‌റാൻ ഹാഷിമിന്റെ ആരാധകൻ ആയിരുന്നു റിയാസെന്നും എൻ.ഐ.എ വ്യക്തമാക്കി.
Prev Post