വാളകം സ്കൂൾ പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്യാൻ പോലീസെത്തി; ഉപരോധിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും

വാളകം: സ്‌കൂളിൽ വിളിച്ചുവരുത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന രണ്ടു രക്ഷിതാക്കളുടെ പരാതിയിൽ മൂവാറ്റുപുഴ വാളകം ബ്രൈറ്റ് പബ്ലിക് സ്കൂൾ പ്രിൻസിപ്പലിനെയും പ്രധാന അദ്ധ്യാപികയെയും അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ വിദ്യാർത്ഥികളും മറ്റ് രക്ഷിതാക്കളും ചേർന്ന് ഉപരോധിച്ചു. ശക്തമായ പ്രതിഷേധത്തിനൊടുവിൽ അറസ്റ്റ് ഒഴിവാക്കി പോലീസ് മടങ്ങി.
ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് പ്രിൻസിപ്പൽ ജോർജ് ഐസക്കിനെയും ഭാര്യയും പ്രധാന അദ്ധ്യാപികയുമായ ലിമ ജോർജിനെയും അറസ്റ്റ് ചെയ്യാൻ പോലീസ് സ്‌കൂളിൽ എത്തിയത്. എന്നാൽ വിവരം മുൻകൂട്ടി അറിഞ്ഞ് വിദ്യാർത്ഥികളും രക്ഷിതാക്കളും സ്‌കൂളിനു മുന്നിൽ പോലീസിനെ തടയുകയായിരുന്നു. സ്‌കൂളിനെയും അദ്ധ്യാപകരെയും അപമാനിക്കാനുള്ള ഗൂഢനീക്കമാണെന്നും വിശദമായി അന്വേഷിച്ച ശേഷമേ പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്യാൻ അനുവദിക്കുകയുള്ളുവെന്നും വിദ്യാർത്ഥികൾ നിലപാടെടുത്തു. ഉച്ചവരെ പോലീസ് സ്‌കൂളിൽ തുടർന്നെങ്കിലും പ്രതിഷേധം ശക്തമാകുകയും സംഘർഷാവസ്ഥയിലെത്തുകയും ചെയ്തതോടെ പോലീസ് പിൻവാങ്ങി.
അതേസമയം, അറസ്റ്റ് തടയാൻ വിദ്യാർത്ഥികളെ കവചമാക്കിയ അദ്ധ്യാപകനെതിരെ നടപടി വേണമെന്നു സ്‌കൂൾ മാനേജ്മെന്റ് ട്രസ്റ്റും ആവശ്യപ്പെട്ടു. ഒന്നു മുതൽ 12 വരെ ക്ലാസുകളിൽ രണ്ടായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിലെ സംഭവങ്ങളിൽ രക്ഷിതാക്കൾ ആശങ്കയിലാണ്. സ്‌കൂളിൽ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് ആരോപിച്ച് സ്‌കൂൾ മാനേജ്മെന്റ് ട്രസ്റ്റ് ഭാരവാഹികൾക്കെതിരെ പി.ടി.എയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ഇതിനിടെ പ്രിൻസിപ്പൽ മുൻകൂർ ജാമ്യത്തിനു ശ്രമം ആരംഭിച്ചിട്ടുണ്ട്.