സ്വീപ്പർ തസ്തിക്ക് കിട്ടിയ അപേക്ഷകളിൽ ഏറെയും എംടെക്, ബിടെക്, എംബിഎ ബിരുദധാരികൾ


ചെന്നൈ: തമിഴ്നാട് സെക്രട്ടേറിയറ്റിലെ സ്വീപ്പർ തസ്തികയിൽ കിട്ടിയ അപേക്ഷകളിൽ ഏറെയും എംടെക്, ബിടെക്, എം.ബി.എ ബിരുദധാരികളുടേത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഉൾപ്പെയുള്ള സംവിധാനങ്ങൾ മുഖേനയാണ് അപേക്ഷകൾ ലഭിച്ചത്. ഇവിടെ സ്വീപ്പർ, ശൗചാലയ ശുചീകരണ ജോലിയ്ക്ക് പത്ത് ഒഴിവുകളും ശൗചാലയ ശുചീകരണത്തിന് നാല് ഒഴിവുകളുമാണുള്ളത്. സെപ്റ്റംബർ 26 നാണ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചത്.
ശാരീരിക ക്ഷമത മാത്രമാണ് ജോലിയ്ക്കുള്ള യോഗ്യത. ഈ തസ്തികയിലേക്കാണ് ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള എംടെക്, ബിടെക്, എം.ബി.എ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ലഭിച്ചിട്ടുള്ളത്. ശാരീരികക്ഷമതയ്ക്ക് പുറമെ 18 വയസ്സ് തികഞ്ഞിരിക്കണമെന്ന് മാത്രമായിരുന്നു നിബന്ധന. ഉയർന്ന പ്രായപരിധിയിൽ പെട്ടവർക്ക് ഇളവുകളും നൽകിയിരുന്നു. 4607 അപേക്ഷകളാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഉൾപ്പെയുള്ള സംവിധാനങ്ങൾ മുഖേന ഇതുവരെ ലഭിച്ചിട്ടുള്ളത്. ഇതിൽ 677 എണ്ണം മതിയായ യോഗ്യതയില്ലെന്ന് കാണിച്ച് തള്ളിയിരുന്നു. അതിനു ശേഷമുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.