1% പ്രളയ സെസ് : ആഡംബര ഉൽപന്നങ്ങൾക്ക് വിലകൂടും

തിരുവനന്തപുരം : സംസ്ഥാന ബജറ്റിൽ പ്രഖ്യാപിക്കുന്ന 1% പ്രളയ സെസ് ആഡംബര ഉൽപന്നങ്ങളുടെ വിലയിൽ കാര്യമായ വർധനയുണ്ടാക്കുമെന്ന് ഉറപ്പായി. സാധാരണയായി സെസ് ചുമത്തുന്നതു നികുതിക്കു മേലാണെങ്കിൽ പ്രളയ സെസ് അടിസ്ഥാന വിലയ്ക്കുമേൽ ആകുമെന്ന് ജിഎസ്ടി വകുപ്പ് വ്യക്തമാക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് വരുന്നതിനാൽ നിത്യോപയോഗ സാധനങ്ങൾക്കു മേൽ സെസ് ചുമത്തില്ലെന്നാണു സൂചന. പകരം, ആഡംബര ഉൽപന്നങ്ങളുടെ ഗണത്തിൽപ്പെടുന്ന കാർ, ടിവി, റഫ്രിജറേറ്റർ, എയർ കണ്ടിഷനർ, സിഗരറ്റ് തുടങ്ങിയവയ്ക്കു മേൽ സെസ് വന്നേക്കും. 31ന് ബജറ്റിലാണ് ഉൽപന്നങ്ങളുടെ പട്ടിക മന്ത്രി ടി.എം. തോമസ് ഐസക് പ്രഖ്യാപിക്കുക.
മറ്റൊരു സംസ്ഥാനവും ഏർപ്പെടുത്തിയിട്ടില്ലാത്ത സെസ് കേരളം മാത്രം ചുമത്തുമ്പോൾ ഇതര സംസ്ഥാനങ്ങളിൽ പോയി ഉൽപന്നങ്ങൾ വിലകുറച്ചു വാങ്ങുന്ന പ്രവണതയുണ്ടാകുമോയെന്നും ആശങ്കയുണ്ട്. 28% നികുതിനിരക്കുള്ള എല്ലാ ഉൽപന്നങ്ങൾക്കും 18% ഉള്ള ഏതാനും ഉൽപന്നങ്ങൾക്കും സെസ് ചുമത്തുമെന്നാണു സൂചന. ജിഎസ്ടി 3% ആയ സ്വർണത്തിനു മേൽ സെസ് ചുമത്തിയാൽ വിവാഹ ആവശ്യങ്ങൾക്കും മറ്റും സ്വർണം വാങ്ങുന്നവർക്ക് അധികഭാരമാകും.
കേരളത്തിന്റെ പുനർനിർമാണത്തിനായി 1% സെസ് ചുമത്താൻ ജിഎസ്ടി കൗൺസിലാണ് സംസ്ഥാനത്തിന് അധികാരം നൽകിയത്. 2 വർഷം കൊണ്ട് പരമാവധി പിരിച്ചെടുക്കാവുന്നത് 2000 കോടി രൂപയാണ്. സാധാരണ ജിഎസ്ടി തുക സംസ്ഥാനവും കേന്ദ്രവും വീതിച്ചെടുക്കുമ്പോൾ, സെസ് തുക മുഴുവൻ സംസ്ഥാനത്തിനു ലഭിക്കും. ഏപ്രിൽ ഒന്നിന് സെസ് പ്രാബല്യത്തിലാകുന്നതോടെ വ്യാപാരികൾ ബില്ലിങ് സോഫ്റ്റ്‍വെയറിൽ ഇതിനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തേണ്ടി വരും.
1% സെസ് വരുമ്പോൾ 5 ലക്ഷം രൂപ വിലയുള്ള കാറിന് സെസ് ഇനത്തിൽ മാത്രം 5000 രൂപ അധികം നൽകേണ്ടി വരും. ജിഎസ്ടിക്കു മേലായിരുന്നു സെസ് എങ്കിൽ 28% നികുതിയുടെ ഒരു ശതമാനമായ 1400 രൂപ നൽകിയാൽ മതിയായിരുന്നു. ഈ കണക്ക് പ്രകാരം 10 ലക്ഷത്തിന്റെ കാറിന് 10,000 രൂപയും 15 ലക്ഷത്തിന്റേതിന് 15,000 രൂപയും സെസ് നൽകണം.