കാണാതായ തീർത്ഥാടകനെ മരിച്ചനിലയിൽ കണ്ടെത്തി : പത്തനംതിട്ടയിൽ ഹർത്താൽ
പത്തനംതിട്ട : തുലാമാസപൂജയ്ക്കു ശബരിമല ദർശനത്തിനെത്തിയ ശേഷം കാണാതായ തീർഥാടകൻ പന്തളം മുളമ്പുഴ ശരത് ഭവനിൽ ശിവദാസന്റെ (60) മൃതദേഹം കണ്ടെത്തി. പ്ലാപ്പള്ളി കമ്പകത്തും വളവിനു സമീപം വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
നിലയ്ക്കൽ ലാത്തിച്ചാർജിനെത്തുടർന്നാണു ശിവദാസന്റെ മരണമെന്നു ബിജെപി,സംഘപരിവാർ സംഘടനകൾ ആരോപിച്ചു. യുവതീപ്രവേശത്തിനെതിരെ പന്തളത്തു നടന്ന നാമജപയാത്രയിൽ ശിവദാസൻ പങ്കെടുത്തിരുന്നു. എല്ലാ മലയാള മാസവും ശബരിമല ദർശനം നടത്താറുള്ള ഇദ്ദേഹം 18നു രാവിലെയാണു വീട്ടിൽനിന്ന് ഇരുചക്രവാഹനത്തിൽ പുറപ്പട്ടത്. തിരിച്ചെത്താതിരുന്നതിനെത്തുടർന്നു ബന്ധുക്കൾ 21നു പമ്പ, നിലയ്ക്കൽ, പെരുനാട് പൊലീസ് സ്റ്റേഷനുകളിലും 24നു പന്തളം പൊലീസിലും പരാതി നൽകി. ബന്ധുക്കൾ തന്നെ നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്.
അയ്യപ്പഭക്തനെ പൊലീസ് മർദിച്ചു കൊന്നു എന്നു വ്യക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയണമെന്നു ബിജെപി അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു. ശബരിമലയിലേക്കുള്ള യാത്രാമധ്യേയാണു ശിവദാസനെ പൊലീസ് ആക്രമിച്ചതെന്നും ശ്രീധരൻപിള്ള ആരോപിച്ചു.
ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ പത്തനംതിട്ട ജില്ലയിൽ ഹർത്താലിനു ബിജെപി ആഹ്വാനം ചെയ്തു. ഹിന്ദു ഐക്യവേദിയും ശബരിമല കർമസമിതിയും പിന്തുണ പ്രഖ്യാപിച്ചു. പരുമല തീർഥാടകരെ ഹർത്താലിൽനിന്ന് ഒഴിവാക്കി.

