ഞാൻ ബാലുച്ചേട്ടന് പകരമാവില്ല : ശബരീഷ് പ്രഭാകരൻ

തിരുവനന്തപുരം : ബാലഭാസ്കർ ജീവിതത്തിൽ നിന്ന് വിട ചൊല്ലിയപ്പോൾ അദ്ദേഹം ഏറ്റെടുത്ത ഒരു പരിപാടി മുഴുമിപ്പിക്കാൻ പകരക്കാരനായി ഏറ്റെടുത്ത വയലിനിസ്റ്റ് ശബരീഷ് പ്രഭാകരന് ആരാധകരുടെ പഴി.ബാലുവിന്റെ ചിതയുടെ കനലെരിഞ്ഞ് തീരും മുമ്പേ ബാലഭാസ്കറിന് പകരക്കാരനായി ജീവിതമിത്രയേയുള്ളൂ എന്ന രീതിയിൽ ബാഗളൂരുവിൽ നടത്തുന്ന പരിപാടിയുടേതായി പ്രചരിച്ച പോസ്റ്ററാണ് ശബരീഷിന് വിനയായത്. എന്നാൽ താൻ ജേഷ്ഠ തുല്യനെപോലെ സ്നേഹിക്കുന്ന ബാലുച്ചേട്ടന് പകരം ഒരിക്കലും താൻ ആവില്ലെന്നും തനിക്കതിനു കഴിയില്ലെന്നും ശബരീഷിന് വീഡിയോപോസ്റ്റ് ഇടേണ്ടിവന്നിരിക്കയാണിപ്പോൾ.
ശബരീഷിന്റെ വാക്കുകൾ ഇങ്ങനെ;എന്റെ ജ്യേഷ്ഠതുല്യനാണ് ബാലുചേട്ടൻ. അദ്ദേഹത്തിന്റെ വിയോഗത്തിന്റെ വേദന എത്രമാത്രമാണെന്ന് പറഞ്ഞറിയിക്കാനാകില്ല. ഈ ഒരു അവസരത്തിൽ പകരക്കാരനായി, ഇത്രയേ ഒള്ളൂ ജീവിതം എന്ന രീതിയിലുള്ള പ്രചരണം വേദനിപ്പിക്കുന്നതാണ്. ഞാൻ എങ്ങനെയാണ് പകരമാകുന്നത്. കർണാടകസംഗീതം മാത്രം വയലിനിൽ വായിച്ചിരുന്ന ഒരാളാണ് ഞാൻ. അതുമാത്രമല്ല, സംഗീതത്തിന് അനന്തമായ സാധ്യതയുണ്ടെന്ന് എന്നെ പഠിപ്പിച്ചത് ബാലുചേട്ടനാണ്.മുൻകൂട്ടി ടിക്കറ്റുകളെല്ലാം വിറ്റുപോയിരുന്നു. ഇനിയത് നടത്താതെയിരുന്നാൽ സംഘാടകർക്ക് ഭീമമായ നഷ്ടമാണുണ്ടാകുന്നത്. അതുകാരണം ബാലുചേട്ടന്റെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം അനുവദിച്ചതിന് ശേഷം മാത്രമാണ് ഞാൻ ഈ പരിപാടി ഏറ്റെടുത്തത്. അദ്ദേഹത്തിന് പ്രിയപ്പെട്ടവരോടൊല്ലാം അനുവാദം ചോദിച്ചിരുന്നു. കൂർഗിലെയും കേരളത്തിലെയും പ്രളയദുരിതത്തിന് കൈത്താങ്ങേകാൻ വേണ്ടിയുള്ള ഫണ്ട് റൈസിങ്ങ് പരിപാടിയാണിത്. ബാലഭാസ്കർ എന്ന മനുഷ്യസ്നേഹി ഏറ്റെടുത്ത പരിപാടി. കാശിന് വേണ്ടിയല്ല ഞാൻ അത് ഏറ്റെടുത്തത്. ഈ പരിപാടി ബാലുചേട്ടന് വേണ്ടി നടത്തിക്കൊടുക്കേണ്ടത് എന്റെ ബാധ്യതയാണ്. ദയവായി പകരക്കാരനെന്ന് വിളിച്ച് ക്രൂശിക്കരുത്. എനിക്കൊരിക്കലും ബാലഭാസ്കറിന് പകരമാകാൻ സാധിക്കില്ല "എന്നും ശബരീഷ് പറയുന്നു. ബാലബാസ്കറിന്റെ പരിപാടിക്ക് വേണ്ടി ഉണ്ടാക്കിയ പോസ്റ്ററിൽ ബാലുവിനെ മാറ്റി ശബരീഷിനെ വച്ചാണ് രണ്ടാം പോസ്റ്റർ വന്നത്.രണ്ടും രണ്ട് പോസ്റ്ററാണ്. പക്ഷെ രണ്ടിനേയും ഒരുമിച്ച് വച്ച്, 'ദാ കണ്ടോ, ബാലുവിനെ വെട്ടി ഒട്ടിച്ച് പകരക്കാരൻ കയറി' എന്ന ഭാഷയിൽ ആളുകൾ പ്രതികരിച്ചു തുടങ്ങിയപ്പോളാണ് ശബരീഷ് വിഡിയോയിൽ വന്ന് പ്രതികരണം അറിയിച്ചത്.