നിർമാണമേഖലയിൽ ഇടത്തരം കമ്പനികളുടെ കാലിടറുന്നു

രാജീവ് വെള്ളിക്കോത്ത്
മനാമ:രാജ്യത്തെ നിർമ്മാണ പ്രവർത്തനങ്ങളിൽ സബ് കോൺട്രാക്ടിംഗ് എടുത്തു നടത്തുന്ന ഇടത്തരം കമ്പനികൾ പലതും നിലനിൽപ്പ് ഭീഷണിയിൽ. പൂർത്തിയാക്കിയ പദ്ധതികളുടെ പണം കിട്ടാതിരിക്കുകയോ ലഭ്യമല്ലാതാവുകയോ ചെയ്യുന്നതാണ് ഇടത്തരം,ചെറുകിട കമ്പനികളുടെ മുന്നോട്ടുള്ള പ്രയാണത്തിന് തടസ്സം നേരിടുന്നത്. സർക്കാർ പദ്ധതികൾ അടക്കമുള്ള വലിയ കെട്ടിടങ്ങളുടെയും റോഡുകളുടെയും പാലങ്ങളുടെയും മറ്റു പല നിർമ്മാണ പ്രവർത്തനങ്ങളുടെയും ജോലികൾ വൻകിട അംഗീകൃത കരാർ കമ്പനികൾക്ക് ലഭിക്കുമ്പോൾ അവർ ലാഭത്തിനു വേണ്ടി പലജോലികളും ചെറുകിട കമ്പനികൾക്ക് സബ് കോൺട്രാക്ടിംഗ് നൽകുകയാണ് ചെയ്യുന്നത്. എന്നാൽ ജോലി പൂർത്തിയാക്കി നൽകുമ്പോൾ മാതൃ കമ്പനികൾക്ക് പണം ലഭിക്കുമെങ്കിലും സബ് കോൺട്രാക്ടിംഗ് എടുത്ത ചെറുകിട കമ്പനികൾക്ക് പണം ലഭ്യമാകുന്നില്ലെന്നതാണ് ചെറു കരാറുകാരുടെ പരാതി. ഏറ്റവും കൂടുതൽ സാധന സാമഗ്രികൾ വേണ്ടുന്നതും ഉത്തരവാദിത്വത്തോടെ ചെയ്യേണ്ടുന്നതുമായ കെട്ടിടങ്ങളുടെ അടിത്തറ പ്രവർത്തിപോലും ചെറുകിട കമ്പനികൾ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ചെയ്തു കൊടുക്കുന്നത്.
അനുബന്ധ പ്രവർത്തി കൂടി ലഭിക്കുമല്ലോ എന്ന പ്രതീക്ഷയിൽ പണം ലഭ്യമല്ലാതിരുന്നിട്ടും ചെറുകിട കമ്പനികൾ ഇത്തരം പ്രവർത്തികൾ ഏറ്റെടുത്തു നടത്തും. പലപ്പോഴും പണം ലഭിക്കാൻ വൈകുമ്പോൾ അടുത്ത ജോലി കൂടി തരും എന്ന ഉറപ്പിലാണ് തങ്ങൾ വീണ്ടും ജോലി ഏറ്റെടുക്കുന്നതെന്ന് ഒരു കരാറുകാരൻ ഫോർ പി എം ന്യൂസിനോട് പറഞ്ഞു.പ്രവർത്തി പൂർത്തിയായാൽ പണം ലഭിക്കുമെന്ന പ്രതീക്ഷയിൽ നിർമ്മാണ സാമഗ്രികൾ പോലും കടകളിൽ നിന്ന് കടം എടുക്കുകയാണ് ചെയ്യുന്നത്.
എന്നാൽ പ്രവർത്തികളുടെ പണം തക്കസമയത്ത് ലഭിക്കാനുള്ള സമയം ആകുമ്പോൾപ്രധാന കരാറുകാർ ഒഴികഴിവ് പറയുകയാണ് ചെയ്യുന്നതെന്നും ചെറുകിട കമ്പനി നടത്തിപ്പുകാർ പറയുന്നു.സർക്കാർ കമ്പനികൾക്ക് നൽകുന്ന പ്രവർത്തികൾ ക്വോട്ട് ചെയ്ത തുകയ്ക്ക് പ്രവർത്തി ഏറ്റെടുത്തു നടത്തിയാൽ നഷ്ടം വരുമെന്ന് കരുതിയാണ് അവർ ചെറിയ നിർമ്മാണ കമ്പനികൾക്ക് സബ് കോണ്ട്രാക്റ്റ് നൽകുന്നത്.പണി പൂർത്തിയായിക്കഴിയുമ്പോൾ തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാൻ വരെ നിവൃത്തിയില്ലാതെ ചെറുകിട കോൺട്രാക്ടർമാർ വലയുകയാണെന്നും നിയമപരമായി പ്രവർത്തികൾ ഏറ്റെടുത്തു നടത്തുന്ന കമ്പനികളിൽ നിന്നും യഥാർഥത്തിൽ ജോലി പൂർത്തിയാക്കിക്കൊടുക്കുന്ന ഉപ കമ്പനികൾക്ക് പണം വാങ്ങിക്കൊടുക്കുന്നതിൽ സർക്കാർ സംവിധാനം ഉണ്ടാകണമെന്നാണ്ഈ കരാറുകാരുടെ ആവശ്യം.
പ്രവർത്തി ലഭിക്കുന്നതിന് വേണ്ടി ഏറ്റവും കുറഞ്ഞ തുകയ്ക്ക് കരാർ ഏറ്റെടുക്കുന്നവർ പലപ്പോഴും സർക്കാർ അനുശാസിക്കുന്ന സുരക്ഷാ നിയമം പോലും മറികടന്നാണ് പ്രവർത്തികൾ തീർക്കുന്നത്. സർക്കാർ അനുശാസിക്കുന്ന തരത്തിൽ തന്നെ പ്രവർത്തി പൂർത്തിയാക്കിയാൽ പിന്നെ തങ്ങൾക്ക് ചെറിയ ലാഭം പോലും ഉണ്ടാകില്ലെന്നാണ് ഇവർ ഇതിന് കാരണമായി പറയുന്നത്.അത് കൊണ്ട് തന്നെ പണം വാങ്ങിച്ചു നൽകുന്നതോടൊപ്പം ഇടത്തരം കമ്പനി തൊഴിലാളികളുടെ സുരക്ഷാ കാര്യത്തിലും അധികൃതർ ഇടപെടണമെന്നും ചെറിയ കരാറുകാർ ആവശ്യപ്പെടുന്നു.ഇതെല്ലാം ശ്രദ്ധിക്കേണ്ടുന്ന കൺസൾട്ടന്റുമാർ ആവട്ടെ ഏതു വിധേനയും പ്രവർത്തികൾ തീർക്കാനുള്ള വ്യഗ്രതയിൽ തങ്ങളുടെ തൊഴിലാളികളെപ്പറ്റിയോ,പണം ലഭിക്കാനുള്ളതിനെക്കുറിച്ചോ ശ്രദ്ധ ചെലുത്തുന്നില്ലെന്നും തൊഴിലാളികളും പറയുന്നു.
ആറും ഏഴും മാസമായി ശമ്പളം ലഭിക്കാതെ പല തൊഴിലാളികളും ആത്മഹത്യയിലേക്കു നീങ്ങേണ്ടുന്ന അവസ്‌ഥയിലേയ്ക്ക് എത്തുമ്പോൾ പ്രവർത്തി ഏറ്റെടുത്ത പല ഇടത്തരം കരാറുകാരും സമാനമായ അവസ്‌ഥയിലാണുള്ളതെന്നും ചെറുകിട കോൺട്രാക്ടർ ഫോർ പി എം ന്യൂസിനോട് പറഞ്ഞു.