കേരളത്തിലേക്ക് വിഷമത്സ്യം ഒഴുകുന്നു : പരിശോധന കർശനമാക്കും
കൊല്ലം : ഫോർമാലിൻ കലർന്ന വിഷം നിറഞ്ഞ മത്സ്യം അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ഒഴുകുന്ന സാഹചര്യത്തിൽ പരിശോധന കർശനമാക്കാൻ സർക്കാർ. മത്സ്യത്തിൽ മായം ചേർക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ശൈലജ ടീച്ചർ പറഞ്ഞു. ചെക്ക് പോസ്റ്റുകളിൽ പരിശോധനകൾ കൂടുതൽ കർക്കശമാക്കുമെന്നും ഓപ്പറേഷൻ സാഗർ റാണി പരിശോധന തുടരുമെന്നും മന്ത്രി അറിയിച്ചു. ഭക്ഷ്യസുരക്ഷ വകുപ്പിലെയും ആരോഗ്യവകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിഷാംശം കണ്ടെത്തിയ മത്സ്യങ്ങൾ അതാത് സംസ്ഥാനങ്ങളിലേക്ക് തിരിച്ചയച്ചു. ചെക്ക് പോസ്റ്റിൽ വെച്ച് തന്നെ കേസെടുത്തെന്നും സംഭവത്തിൽ റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശൈലജ ടീച്ചർ അറിയിച്ചു.
കയറ്റുമതി ചെയ്യുന്ന മത്സ്യങ്ങളിൽ കീടനാശിനിയുടെയും മറ്റ് രാസവസ്തുക്കളുടെയും അംശം കണ്ടെത്തുവാൻ കർശന പരിശോധനയുണ്ടാകുമെന്ന് കേന്ദ്ര സമുദ്രോൽപ്പന്ന കയറ്റുമതി വികസന അതോറിറ്റിയും വ്യക്തമാക്കി. ആരോഗ്യത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കുന്ന വസ്തുക്കൾ മത്സ്യത്തിൽ കണ്ടെത്തിയാൽ ഇത്തരം സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുമെന്ന് എം.പി.ഇ.ഡി.എ അറിയിച്ചു.
മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിഷം കലർത്തിയ മത്സ്യം കേരളത്തിലേക്ക് എത്തുന്നു എന്ന സംശയം ബലപ്പെട്ടതിനെ തുടർന്നാണ് സാഗർ റാണി എന്ന മിഷൻ തുടങ്ങിയത്. ഘട്ടം ഘട്ടമായിട്ടായിരുന്നു അതിന്റെ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമയി കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ തിങ്കളാഴ്ച രാത്രി നടത്തിയ പരിശോധനയിൽ ഫോർമാലിൻ കലർന്ന 9,500 കിലോ മത്സ്യമാണ് പിടിച്ചെടുത്തിരിക്കുന്നത്. തൂത്തുക്കുടിയിൽ നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാനായി കൊണ്ടുവന്നതാണ് ഈ മത്സ്യങ്ങൾ. പിടിച്ചെടുത്തതിൽ ഏഴായിരം കിലോ ചെമ്മീനും ബാക്കി മറ്റ് മത്സ്യങ്ങളുമാണ്. പരിശോധനയിൽ മീനിൽ വലിയ തോതിൽ ഫോർമാലിൻ കലർന്നിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇതുവരെ 21,600 കിലോഗ്രാം ഫോർമാലിൻ കലർന്ന മത്സ്യമാണ് സംസ്ഥാനത്ത് നിന്ന് പിടികൂടിയത്. മുന്പ് നടത്തിയ പരിശോധനകളിൽ പാലക്കാട് വാളയാർ ചെക്ക് പോസ്റ്റിൽ നിന്നുള്ള 6,000 കിലോഗ്രാം ചെമ്മീനിലും തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റിൽ നിന്നുള്ള 6,000 കിലോഗ്രാം മത്സ്യത്തിലും ഫോർമാലിൻ കണ്ടെത്തിയിരുന്നു. മൃതദേഹം കേടുകൂടാതെ സൂക്ഷിക്കാനുപയോഗിക്കുന്ന ഫോർമാലിൻ കഴിക്കുന്ന മീനിനൊപ്പം ശരീരത്തിനുള്ളിലെത്തിയാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും.
അതേസമയം ഫോർമാലിൻ കലർന്ന മത്സ്യം പിടിച്ച വാർത്ത പുറത്തുവന്ന പശ്ചാത്തലത്തിൽ തദ്ദേശീയർ പിടിക്കുന്ന മത്സ്യത്തിന്റെ ഗുണമേന്മയെ കുറിച്ച് പ്രചാരം നടത്താൻ സർക്കാർ തയ്യാറാകണമെന്ന ആവശ്യവുമായി പരന്പരാഗത മത്സ്യത്തൊഴിലാളികൾ സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.




