കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം : യു.എന്നിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
യൂണൈറ്റഡ് നേഷൻസ് : ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ജമ്മു കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പാകിസ്ഥാൻ നടത്തുന്ന അർത്ഥശൂന്യമായ വാചകക്കസർത്തുകൊണ്ട് യാഥാർത്ഥ്യത്തെ ഇല്ലാതാക്കാനാകില്ലെന്നും ഇന്ത്യ പറഞ്ഞു. കാശ്മീർ സംബന്ധിച്ച് പാകിസ്ഥാൻ പ്രതിനിധി യു.എൻ ജനറൽ അസംബ്ലിയിൽ നടത്തിയ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യ.
വംശഹത്യ, യുദ്ധക്കുറ്റങ്ങൾ, മനുഷ്യരാശിക്കെതിരായ കുറ്റങ്ങളുടെ ശുചീകരണം എന്നിവ സംബന്ധിച്ച് യു.എന്നിൽ നടന്ന സംവാദത്തിനിടെയായിരുന്നു പാക് പ്രതിനിധി മലീഹ ലോധി കാശ്മീർ വിഷയം പരാമർശിച്ചത്. കാശ്മീരിലെ ജനങ്ങൾ കൊലപാതകമടക്കമുള്ള അതിക്രൂരമായ കുറ്റകൃത്യങ്ങൾക്ക് ഇരയാകുകയാണെന്നും പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചുള്ള ആക്രമണം കാരണം കൂട്ടത്തോടെ അന്ധരാവുകയാണെന്നും ലോധി ആരോപിച്ചു.
എന്നാൽ, ലോധിയുടെ അനവസരത്തിലുള്ള കാശ്മീർ പരാമർശത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ഇന്ത്യൻ സംസ്ഥാനമായ ജമ്മു കാശ്മീർ സംബന്ധിച്ച് അനാവശ്യവും അനുചിതവുമായി ഐക്യരാഷ്ട്ര സഭ പോലെയുള്ള ഒരു അന്താരാഷ്ട്ര വേദിയെ ഉപയോഗിക്കുകയാണെന്ന് ഇന്ത്യൻ പ്രതിനിധി സന്ദീപ് കുമാർ ബയ്യപ്പ പറഞ്ഞു.
ജമ്മു കാശ്മീർ വിഷയം ദുരുദ്ദേശപരമായി യു.എന്നിൽ ഉന്നയിക്കാനുള്ള ശ്രമം മുന്പും ഉണ്ടായിട്ടുണ്ട്. എന്നാൽ ഒരു വിധത്തിലുള്ള ചലനവുമുണ്ടാക്കാതെ അത് പരാജയപ്പെടുകയായിരുന്നുവെന്നും സന്ദീപ് കുമാർ ബയ്യപ്പ പറഞ്ഞു.




