വിദേശ വനിതയുടെ കൊലപാതകം; രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
തിരുവനന്തപുരം: ലാത്്വിയൻ സ്വദേശിനിയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉമേഷ്, ഉദയൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൊലപാതകം, ബലാത്സംഗം എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. വിദേശവനിതയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കേസ് അന്വേഷിക്കുന്ന ദക്ഷിണമേഖലാ ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
യുവതി കൊല്ലപ്പെട്ടത് കാണാതായ അതേദിവസം തന്നെയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ അറസ്റ്റിലായ രണ്ട് പേർക്കും കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.
മാർച്ച് പതിന്നാലിനാണ് പോത്തൻകോട് ധർമ ആയുർവേദ റിസോട്ടിൽനിന്ന് വിദേശവനിതയെ കാണാതായത്. ഇതേദിവസം തന്നെ കോവളത്തെ ഗ്രോവ് ബീച്ചിൽ ഇവർ എത്തി. ഓട്ടോറിക്ഷയിലാണ് ഇവർ ഇവിടെ വരെയെത്തിയത്. തുടർന്ന് പനത്തുറയിലെ ക്ഷേത്രപരിസരത്തേക്ക് പോവുകയും ചെയ്തു. ഇവിടെവെച്ചാണ് ഉമേഷും ഉദയനും വിദേശവനിതയെ കാണുന്നത്. തുടർന്ന് കാഴ്ചകൾ കാണിച്ചു തരാമെന്നും കഞ്ചാവു നൽകാമെന്നും പറഞ്ഞ് ഇവരെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഫൈബർ ബോട്ടിലാണ് ഇവരെ വാഴമുട്ടത്തെ കണ്ടൽക്കാട്ടിലെത്തിച്ചത്. തുടർന്ന് ഇവർ ലഹരി ഉപയോഗിക്കുകയും ചെയ്തു. വൈകുന്നേരം അഞ്ചരയ്ക്ക് ശേഷമാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
കൊലപ്പെടുത്തിയ ശേഷം അത് ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ പ്രതികൾ ശ്രമിച്ചെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. പ്രതികൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചുവോയെന്ന കാര്യം അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തികച്ചും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പൂർത്തിയാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥർ രാപ്പകലില്ലാതെ കഷ്ടപ്പെട്ടാണ് ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ച് കൊലപാതകത്തിന്റെ ചുരളഴിച്ചതെന്നും ഡി.ജി.പി പറഞ്ഞു. തുടക്കം മുതൽ തന്നെ അന്വേഷണം ശരിയായ ദിശയിൽ ആയിരുന്നു. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കിയ ഉദ്യോഗസ്ഥർക്ക് ബാഡ്ജ് ഒാഫ് ഓണർ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
മയക്കുമരുന്ന് നൽകിയ ശേഷമാണ് പ്രതികൾ കൊല നടത്തിയത്. വിദേശ വനിത ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ട്. ആവശ്യമെങ്കിൽ ആന്തരികാവയവങ്ങൾ വിദേശത്ത് അയച്ച് പരിശോധന നടത്തുമെന്നും ഡി.ജി.പി പറഞ്ഞു.

