ദേശീയപാത സ്ഥലമേറ്റെടുക്കൽ : മലപ്പുറത്ത് സംഘർഷാവസ്ഥ


മലപ്പുറം : ദേശീയപാതാ വികസനത്തിനു ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മലപ്പുറം എ.ആർ നഗർ വലിയപറന്പിൽ സംഘർഷം. സമരക്കാർ തീയിട്ടും ആക്രമമഴിച്ചുവിട്ടും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പോലീസ് സമരക്കാർക്ക് നേരെ ലാത്തി വീശി. ഗ്രനേഡും കണ്ണീർ വാതകവും പ്രയോഗിച്ചു. സർവ്വേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞതോടെയാണ് സംഘാർഷാവസ്ഥ ഉടലെടുത്തത്. പോലീസിന് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. പോലീസ് വീടുകളിൽ കയറി മർദ്ദിച്ചെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ സർവ്വേ തടയാൻ എത്തുകയായിരുന്നു.

അതിനിടെ കോഴിക്കോട്-തൃശ്ശൂർ പാത സമരക്കാർ ഉപരോധിച്ചു. കല്ലും കുപ്പിച്ചില്ലുമിട്ടാണ് ഗതാഗതം തടസ്സപ്പെടുത്തിയത്. ഒരു മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനുശേഷം പോലീസ് ഉപരോധക്കാരെ സ്ഥലത്തുനിന്നു നീക്കി. അതേസമയം, സർവ്വേ നിർത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എൻ.എ. ഖാദർ എംഎൽഎ കലക്ടറേറ്റിൽ കുത്തിയിരിപ്പു സമരം ആരംഭിച്ചു. നിയമം ലംഘിച്ചു വീട്ടിൽ കയറി മർദിച്ച പോലീസുകാർക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കലക്ടർ ഉൾപ്പെടെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരാരും ജില്ലയിലില്ല. 11ാം തീയതിയിലെ സർവകക്ഷി യോഗം നടക്കുംവരെ സർവ്വേ നിർത്തിവയ്ക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

കുട്ടികളടക്കം ഒട്ടേറെപ്പേർക്കു മർദ്ദനമേറ്റതായി നാട്ടുകാർ പറഞ്ഞു. സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്കു പരിക്കുണ്ട്. പോലീസുകാർക്കും പരുക്കേറ്റിട്ടുണ്ട്. പാരന്പര്യമായി കിട്ടിയ ഞങ്ങളുടെ ഈ തുച്ഛമായ ഭൂമിയിൽ‍ അളക്കാൻ‍ ഞങ്ങൾ‍ സമ്മതിക്കില്ല. അഞ്ച് കുത്തകക്കാരുടെ ഭൂമി ഒഴിവാക്കിയാണ് പാവങ്ങളായ ഞങ്ങളുടെ നേർ‍ക്കു തിരിയുന്നതെന്നും സമരക്കാർ ആരോപിക്കുന്നു. ദേശീയപാത ഭൂമിയെടുപ്പിൽ മറ്റിടങ്ങളിൽനിന്നു വ്യത്യസ്‌തമാണ് എ.ആർ നഗർ മേഖലയിലെ പ്രശ്‌നം. നിലവിലെ ദേശീയപാത ഉപേക്ഷിച്ചു പുതുതായി 50 മീറ്റർ ഭൂമി എടുക്കുകയാണ് ഇവിടെ. നിലവിലെ ദേശീയപാത വികസിപ്പിക്കുന്പോൾ ഒരു ക്ഷേത്രത്തിന്റെയും പള്ളിയുടെയും സ്ഥലം നഷ്‌ടമാകുമെന്നു പറഞ്ഞാണ് പുതിയ അലൈൻമെന്റ് നിശ്‌ചയിച്ചത്. 32 വീടുകളും കടകളും രണ്ടു ചെറിയ കവലകളും നഷ്ടമാകുമെന്ന് നാട്ടുകാർ പറയുന്നു. പള്ളിയും ക്ഷേത്രവും മാറ്റി സ്ഥാപിക്കാൻ തയ്യാറാണെന്ന് കമ്മിറ്റികൾ അറിയിച്ചിട്ടുണ്ടെന്നും അലൈൻമെന്റിൽ മറ്റു താൽപര്യങ്ങളാണെന്നുമാണ് നാട്ടുകാരുടെ ആരോപണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed