ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്; ഭാര്യയ്ക്കും കാമുകനും ഇരട്ട ജീവപര്യന്തവും പിഴയും
കൊല്ലം: അവിഹിത ബന്ധത്തെ എതിർത്ത ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യക്കും കാമുകനും ഇരട്ടജീവപര്യന്തം കഠിനതടവും പിഴയും. അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻ സ് ജഡ്ജ് അഞ്ച് ഷേർലി ദത്താണ് മേലില ഇരുങ്ങൂർ കിഴക്കേത്തെരുവിൽ പള്ളത്ത് വീട്ടിൽ സുരേഷ് (43)നെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ സുശീല(39) കാമുകൻ പട്ടാഴി തെക്കേത്തേരി കരിക്കത്തിൽ വീട്ടിൽ സെൽവരാജ് (42)എന്നിവർക്കെതിരെ ശിക്ഷ വിധിച്ചത്. വിധി കേൾക്കാനായി മരിച്ച സുരേഷിന്‍റെ സഹോദരി സുഭദ്രയും ഭർത്താവ് നടരാജനുമടക്കം നിരവധി ബന്ധുക്കൾ കോടതിയിൽ എത്തിയിരുന്നു.
ഐ.പി.സി 302 പ്രകാരം ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും പിഴയൊടുക്കാത്തപക്ഷം മൂന്നുവർഷം കഠിനതടവും അനുഭവിക്കണം. ഗൂഢാലോചനയ്ക്ക് 120 ബി പ്രകാരം ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും പിഴയൊടുക്കാത്ത പക്ഷം ഒരുവർഷം കഠിന തടവിനും ശിക്ഷിച്ചു. തെളിവ് നശിപ്പിക്കലിന് വകുപ്പ് 201 പ്രകാരം അഞ്ച് വർഷം തടവും 25000 രൂപ പിഴയും പിഴയൊടുക്കാത്ത പക്ഷം ഒരുവർഷം തടവും അനുഭവിക്കണം. 203 പ്രകാരം ഒരുവർഷം തടവും 10000 രൂപ പിഴയും പിഴയൊടുക്കാത്ത പക്ഷം ആറ് മാസം തടവുമാണ് ഇരുവർക്കും ശിക്ഷ ലഭിച്ചിരിക്കുന്നത്. പിഴയായി ഈടാക്കുന്ന തുകയിൽ രണ്ട് ലക്ഷം രൂപ മരിച്ച സുരേഷിന്‍റെ പെൺമക്കൾക്ക് നൽകണമെന്നും വിധിന്യായത്തിൽ പറയുന്നു.
2013 മാർച്ച് 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുശീലയുമായുള്ള ബന്ധത്തെ എതിർത്ത സുരേഷിനെ പട്ടാഴി തെക്കേത്തേരിയിലുള്ള മണിയുടെ വീട്ടിൽവെച്ച് കെ.എസ്.ഇ.ബി ജീവനക്കാരനായ ശെൽവരാജ് തന്ത്രപരമായി ഓട്ടോറിക്ഷയിൽ കൂട്ടിക്കൊണ്ടുപോയി തെക്കേത്തേരിയിലുള്ള ആൾപാർപ്പില്ലാത്ത റബ്ബർ പുരയിടത്തിൽ എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം മൃതദേഹം റബ്ബർ തോട്ടത്തിൽ കുഴിച്ചിട്ടു. പിന്നീട് സുരേഷിനെ കാണാനില്ലെന്ന് സുശീല കുന്നിക്കോട് പോലീസിൽ പരാതി നൽകി. സുരേഷിന്‍റെ തിരോധാനത്തിൽ സംശയം പ്രകടിപ്പിച്ച് ബന്ധുക്കൾ രംഗത്തെത്തി. ഇതോടെ പ്രതികൾ റബ്ബർ തോട്ടത്തിൽ മറവ് ചെയ്ത മൃതദേഹം പുറത്തെടുത്ത് ചാക്കിലാക്കി സെൽവരാജിന്‍റെ മാരുതി കാറിൽ കയറ്റി തലവൂർ കുര കെ.ഐ.പി കനാലിന് സമീപമുള്ള ആൾപാർപ്പില്ലാത്ത റബ്ബർ പുരയിടത്തിലെ ഒഴുക്ക് ചാലിൽ കൊണ്ടിട്ടു. നാട്ടുകാർ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്ര
തികൾ പിടിയിലായത്.
അറസ്റ്റ് ചെയ്യുന്നതിനിടെ സെൽവരാജ് ബ്ലേഡ് ഉപയോഗിച്ച് കഴുത്തിൽ മുറിവുണ്ടാക്കി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് 48 സാക്ഷികളെ വിസ്തരിച്ചു. 61 രേഖകളും 31 തൊണ്ടിമുതലുകളും കോടതി തെളിവിൽ സ്വീകരിച്ചു. സി.ഐ ആർ. വിജയന്‍റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വിനു കരുണാകരൻ ഹാജരായി. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.

