സ്വകാര്യ സ്കൂൾ അദ്ധ്യാപികയ്ക്ക് നേരെ ആസിഡ് ആക്രമണം
തിരുവനന്തപുരം : കാട്ടാക്കടയിലെ സ്വകാര്യ സ്കൂൾ അദ്ധ്യാപികയ്ക്ക് നേരെ ആസിഡ് ആക്രമണം. കുറ്റിച്ചൽ മന്തിക്കളം തടത്തരികത്ത് വീട്ടിൽ മോഹനൻ − ലില്ലിക്കുട്ടി ദന്പതികളുടെമകൾ ജീന മോഹനന് (23) നേരെയാണ് ആക്രമണം നടന്നത്. ഇന്നലെ വൈകിട്ട് 6.30യോടെയായിരുന്നു സംഭവം. ശരീരമാസകലം പൊള്ളലേറ്റ ജീന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
ആര്യനാട്ടെ സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ ജീന കുറ്റിച്ചലിൽ ബസിറങ്ങിയ ശേഷം സ്കൂട്ടറിൽ വീട്ടിലേയ്ക്ക് പോകവെയാണ് ബൈക്കിൽ പിറകെ എത്തിയ രണ്ട് യുവാക്കൾ ആസിഡ് ഒഴിച്ച് കടന്നു കളഞ്ഞത്. നിലവിളി കേട്ട് ഒാടിയെത്തിയ നാട്ടുകാർ അദ്ധ്യാപികയെ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം രാത്രി 8 മണിയോടെ മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചു. ആസിഡ് വീണ് കൈയ്യിലും മുതുകിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. സംഭവമറിഞ്ഞ് കാട്ടാക്കട, നെയ്യാർഡാം േസ്റ്റഷനുകളിൽ നിന്ന് പോലീസെത്തി തെളിവെടുത്തു.

