ഹൗസ്ബോട്ടിൽ നിന്ന് മാലിന്യം തള്ളുന്നവർക്കെതിരെ നടപടി: കളക്ടർ
കോട്ടയം : വേന്പനാട്ടു കായലിൽ ഹൗസ്ബോട്ടുകളിൽ നിന്ന് മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കോട്ടയം കളക്ടർ ഡോ. ബി എസ് തിരുമേനി. ഇത് സംബന്ധിച്ച് അടിയന്തിര റിപ്പോർട്ട് നൽകാനും രജിസ്റ്റർ ചെയ്യാതെ സർവ്വീസ് നടത്തുന്ന ഹൗസ്ബോട്ടുകൾ ലിസ്റ്റ് ചെയ്യാനും കളക്ടർ ഡി.ടി.പി.സി സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
റംസാർ സൈറ്റായി പ്രഖ്യാപിച്ചിട്ടുള്ള വേന്പനാട്ട് കായലിന്റെ സംരക്ഷണത്തിന് സാധ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും ഹൗസ്ബോട്ട് മാലിന്യം നിർമ്മാർജനം ചെയ്യാൻ കവണാറ്റിൻകരയിലും എച്ച് ബ്ലോക്കിലും സ്ഥാപിച്ചിട്ടുള്ള സംവിധാനം ഉപയോഗിക്കാതെ കായലിലേക്ക് ഒഴുക്കുന്നുണ്ടെങ്കിൽ നടപടിയെടുക്കാനും അദ്ദേഹം നിർദ്ദേശം നൽകി.
കായൽ പരിസരത്തുള്ള വീടുകളിൽ നിന്നും കായലോരത്ത് പ്രവർത്തിക്കുന്ന റിസോർട്ടുകളിൽ നിന്നും കക്കൂസ്മാലിന്യം കായലിലേക്ക് ഒഴുക്കുന്നതായ റിപ്പോർട്ടുകളിൽ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇതിനെതിരെ നടപടിയെടുക്കണം. കായലോരത്തെ വ്യവസായശാലകളിൽ നിന്ന് മാലിന്യം തള്ളുന്നതും നിരീക്ഷണവിധേയമാക്കുമെന്നും കളക്ടർ അറിയിച്ചു.
ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തുകളുടെയും സഹകരണത്തോടെ ബോധവൽകരണ ക്യാന്പുകൾ കായലുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശങ്ങളിൽ നടത്തും. കായൽ മലിനീകരണം തടയാൻ പഞ്ചായത്തുകൾ, ഇറിഗേഷൻ, ആരോഗ്യം, ടൂറിസം, മലിനീകരണ നിയന്ത്രണബോർഡ് ഇവയുടെ സംയുക്ത പ്രവർത്തനം ഉണ്ടാകണം. രണ്ട് ദിവസത്തിനകം അതത് വകുപ്പുകൾ അവയുടെ ആക്ഷൻ പ്ലാൻ സമർപിക്കുകയും മാർച്ച് 15 വരെയുള്ള കാലയളവിൽ ബോധവൽകരണ പരിപാടികൾ സംഘടിപ്പിക്കുകയും വേണം. വേന്പനാട്ട് കായലിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടി കായൽ മലീമസമാകുന്ന സാഹചര്യത്തിൽ കളക്ടറുടെ അദ്ധ്യക്ഷതയിൽ വിളിച്ചു ചേർത്ത വിവിധ വകുപ്പുകളുടെയും പഞ്ചായത്തുകളുടെയും യോഗത്തിലാണ് ഈ തീരുമാനം. യോഗത്തിൽ വകുപ്പുതല ഉദ്യോഗസ്ഥരും പങ്കെടുത്തു.

