റെയിൽവേ ഗേറ്റ് അടച്ചിട്ടു; ആംബുലൻസിലെ രോഗി മരിച്ചു

പാലക്കാട്: അത്യാസന നിലയിലായ രോഗിയെയും കൊണ്ടു പോകവെ അടച്ചിട്ട അകത്തേത്തറ നടക്കാവ് റെയിൽവേ ഗേറ്റിന് മുന്നിൽ ആംബുലൻസിന് ഏറെ കാത്തുനിൽക്കേണ്ടി വന്നതോടെ ആശുപത്രിയിൽ എത്തും മുന്പ് രോഗി മരിച്ചു. അകത്തേത്തറ മന്നത്ത് വിപഞ്ചികയിൽ റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ പ്രഭാകരൻ നായരാണു (70) മരിച്ചത്.
ഇന്നലെ രാവിലെ 11.30 നാണു സംഭവം. വീട്ടിൽ വച്ച് അവശനായ പ്രഭാകരൻ നായരെ ആംബുലൻസിൽ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി നടക്കാവ് റെയിൽവേ ഗേറ്റ് അടച്ചു. 15 മിനിറ്റോളം വാഹനം ഗേറ്റിൽ കാത്തുകിടന്നു. ട്രെയിൻ പോയശേഷം ഗേറ്റ് തുറന്ന് ആംബുലൻസ് സമീപത്തെ ആശുപത്രിയിലേക്കു കുതിച്ചെങ്കിലും അവിടെ എത്തും മുന്പേ പ്രഭാകരൻ നായർ മരണമടഞ്ഞു.
ഗേറ്റിൽ കുടുങ്ങിയ സമയം ഒഴിവാക്കാൻ സാധിച്ചിരുന്നെങ്കിൽ പ്രഭാകരൻ നായർക്കു യഥാസമയം വൈദ്യസഹായം ലഭ്യമാക്കാനാകുമായിരുന്നെന്നു ബന്ധുക്കൾ പറഞ്ഞു. പത്മിനിയാണു പ്രഭാകരൻ നായരുടെ ഭാര്യ. മക്കൾ: വിപിൻ, വിമല. മരുക്കൾ: ജ്യോത്സ്ന, ബിജു. സംസ്കാരം ഇന്നു രാവിലെ 10.30നു തേക്കിൻകാട് ശ്മശാനത്തിൽ.