വെറ്റക്കടയിൽ കടൽക്ഷോഭം രൂക്ഷം : മത്സ്യത്തൊഴിലാളികൾ ഭീതിയിൽ
തിരുവനന്തപുരം : വെറ്റക്കട തീരത്ത് രണ്ടാഴ്ചയിലധികമായി തുടരുന്ന കടൽക്ഷോഭം മത്സ്യത്തൊഴിലാളികളെ ഭീതിയിലാഴ്ത്തുന്നു. കരയിലേക്ക് അടിച്ചുകയറിയ കൂറ്റൻ തിരമാലകൾ തീരം പൂർണമായി കവർന്നു. വള്ളങ്ങളും മത്സ്യബന്ധന ഉപകരണങ്ങളും കടലെടുക്കുകയാണ്. തീരത്തോടു ചേർന്നുള്ള വള്ളപ്പുരകൾക്കടുത്തുവരെ തിരയെത്തുന്നു. കടൽക്ഷോഭം ഇനിയും രൂക്ഷമായാൽ വള്ളപ്പുരകളും ഒലിച്ചുപോകുമെന്ന നിലയിലാണ്. കരയിൽ കയറ്റിവച്ച വള്ളങ്ങൾക്കും അനുബന്ധ ഉപകരണങ്ങൾക്കും രാത്രിയിൽ മത്സ്യത്തൊഴിലാളികൾ കാവലിരിക്കേണ്ട അവസ്ഥയാണ്.കടൽക്ഷോഭം തുടർന്നാൽ വള്ളങ്ങൾ സംരക്ഷിക്കാൻ മറ്റിടങ്ങളിലേക്കു മാറ്റേണ്ടിവരും.
ഒരുമാസമായി തീരത്തു ശക്തമായ തിരയുണ്ടാകുന്നുണ്ട്. ഒരാഴ്ച മുന്പാണ് കടലിന്റെ സ്വഭാവം പൂർണമായി മാറി തിരമാലകൾ ശക്തിയാർജിച്ചത്. കടൽ അപ്രതീക്ഷിതമായി കൂറ്റൻ തിരകളുമായി കരയിലേക്കു കയറി. കഴിഞ്ഞയാഴ്ച മണൽത്തിട്ടയിൽ കയറ്റിവച്ചിരുന്ന ആറോളം വള്ളങ്ങൾ തിരയിൽ ഒലിച്ചുപോയി. വള്ളങ്ങൾ വെറ്റക്കട പാരിലെ പാറമടയിലടിച്ചു തകർന്നു. വലിയ നഷ്ടമാണ് ഉടമസ്ഥർക്കുണ്ടായത്. അതിവിശാലമായ മണൽത്തിട്ടയാണ് വെറ്റക്കട തീരത്തുണ്ടായിരുന്നത്. നൂറോളം വള്ളങ്ങളാണ് തീരത്തു കയറ്റി വയ്ക്കുന്നത്. സമീപത്തെ വള്ളപ്പുരകളിലാണ് വലകളും എൻജിനുമുൾപ്പെടെയുള്ളവ സൂക്ഷിക്കുന്നത്.
കടൽക്ഷോഭം രൂക്ഷമായതോടെ കര ഒട്ടുമില്ലാതായി. മുന്പ് കടലിലേക്കു വള്ളം തള്ളിയിറക്കണമായിരുന്നു. ഇപ്പോൾ കടൽ വള്ളത്തിനടുത്തെത്തുന്നു. തിരമാലകൾ കര കവർന്നതോടെ തീരത്തേക്കിറങ്ങുന്ന ഭാഗത്ത് നല്ല ഉയരത്തിൽ തിട്ട രൂപപ്പെട്ടിരിക്കയാണ്. പുലർച്ചെയും രാത്രിയിലുമാണ് കടൽക്ഷോഭം ശക്തമാകുന്നത്. വ്യാഴാഴ്ച അതിശക്തമായാണ് തിരയടിച്ചുകയറിയതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. തിരമാലകളെ ഭയന്ന് മത്സ്യബന്ധനത്തിനു പോകാനും ഇവർ ഭയക്കുന്നു. തീരം വറുതിയിലേക്കു നീങ്ങുകയാണ്.
തിരമാലകളെ പ്രതിരോധിക്കാനും മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമേകാനുമുള്ള നടപടികളൊന്നും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. തിരമാലകളെ പ്രതിരോധിക്കാൻ തീരത്ത് മത്സ്യത്തൊഴിലാളികൾ തന്നെ മണൽച്ചാക്ക് അടുക്കുകയാണ്. കൂറ്റൻ തിരമാലകൾക്കു മുന്നിൽ ഇതൊന്നും ഫലപ്രദമാകുന്നുമില്ല.




