ഒരു മുന്നണിയുമായും ബി.ഡി.ജെ.എസിന് ശത്രുതയില്ല : തുഷാർ വെള്ളാപ്പള്ളി
ആലപ്പുഴ : കേരളത്തിലെ ഒരുമുന്നണിയുമായും ബി.ഡി.ജെ.എസിന് ശത്രുതയില്ലെന്ന് പാർട്ടി സംസ്ഥാന പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.സമ്മർദ രാഷ്ട്രീയം ബി.ഡി.ജെ.എസിനില്ല. സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്നുമില്ല. എന്നാൽ ബി.ജെ.പിയുടെ സംസ്ഥാന നേതാക്കൾ ഘടകകക്ഷികളുടെ സത്യാവസ്ഥ കേന്ദ്രത്തെ ധരിപ്പിക്കാത്തതിനാലാണ് അവഗണിക്കപ്പെടുന്നത്. പ്രശ്ന ങ്ങൾ പറഞ്ഞുതീർത്താൽ ചെങ്ങന്നൂരിൽ എൻ.ഡി.എ സ്ഥാനാർത്ഥി ജയിക്കുമെന്നും തുഷാർ പറഞ്ഞു.
എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്തെ ഇഴയടുപ്പം എൻ.ഡി.എയിൽ ഇപ്പോഴില്ലെന്നു കണിച്ചുകുളങ്ങരയിൽ ചേർന്ന ബി.ഡി.ജെ.എസ് സംസ്ഥാന നിർവ്വാഹകസമിതി യോഗം വിലയിരുത്തി. മുന്നണിയിൽ ബി.ജെ.പി ചർച്ചയ്ക്ക്തയ്യാറാവാത്തതിൽ ഘടകക ക്ഷികൾക്കെല്ലാം അതൃപ്തിയുണ്ടെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെ സംബന്ധിച്ചു ബി.ജെ.പി അനൗദ്യോഗികമായി ചർച്ച നടത്തിയെങ്കിലും മുന്നണിയിൽ ചർച്ച നടത്തിയിട്ടില്ല.
എട്ടുമാസത്തിനകം ബി.ഡി.ജെ.എസിന്റെ പഞ്ചായത്ത് തലം മുതൽ ജില്ലാതലം വരെയുള്ള കമ്മിറ്റികളിൽ സജീവമല്ലാത്തവ പുനഃസംഘടിപ്പിക്കുമെന്ന് യോഗത്തിൽ തീരുമാനിച്ചു. സംസ്ഥാന നേതാക്കളായ സുഭാഷ് വാസു, അരയങ്കണ്ടി സന്തോഷ്, അക്കിരമൺ കാളിദാസ ഭട്ടതിരി, ടി.വി.ബാബു, സംഗീത വിശ്വനാഥ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് സ്വന്തം സ്ഥാനാർത്ഥികളെ നിർത്തണമെന്നാണു നിയോജകമണ്ധലം ഭാരവാഹികളുടെ ആവശ്യമെന്നും ഇതു സംസ്ഥാന നിർവ്വാഹകസമിതിയിൽ ചർച്ച ചെയ്തെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. പ്രാദേശിക നേതാക്കളുമായി ചർച്ച ചെയ്ത ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കു. പിഎസ്. ശ്രീധരൻ പിള്ള നല്ല സ്ഥാനാർഥിയാണ്. എൽ.ഡി.എഫിന് വോട്ടുചെയ്യുന്നതാണു നല്ലതെന്ന വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായം ബി.ഡി.ജെഎസിന്റെ അഭിപ്രായമല്ലെന്നും തുഷാർ പറഞ്ഞു.




