ആദിവാസി കോളനികളിൽ ഒരു കോടിയുടെ പദ്ധതികൾ
തിരുവന്പാടി : ഗ്രാമ പഞ്ചായത്തിലെ മേലെ പൊന്നാങ്കയം, ഓടപ്പൊയിൽ ആദിവാസി കോളനികളിൽ ഒരു കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കുന്നു. നിലവിലുള്ള വീടുകളുടെ പുനരുദ്ധാരണം, കുടിവെള്ള വിതരണം, സാംസ്കാരിക കേന്ദ്രത്തിന്‍റെ നിർമ്മാണം, കോളനിയിലെ കുട്ടികൾക്കായി പഠന കേന്ദ്രം, കളിസ്ഥല നിർമ്മാണം, കോളനിയിലേക്കുള്ളതും കോളനിക്കുള്ളിലും ആവശ്യമായ റോഡ് നിർമ്മാണവും പുനരുദ്ധാരണവും, സാമൂഹ്യ സുരക്ഷ സംവിധാനം എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുക.
അംബേദ്കർ സെറ്റിൽമെന്‍റ് ഡവലപ്പ്മെന്‍റ് സ്കീം പ്രകാരം സംസ്ഥാന സർക്കാർ ട്രൈബൽ വകുപ്പ് മുഖാന്തിരം നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങൾ കോളനിയിൽ ചേർന്ന ഊരുകൂട്ടം ചർച്ച ചെയ്തു. ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ നിർമ്മാണം ഏറ്റെടുത്തു നടത്തുന്നതിനു ഊരാളുങ്കൽ ലേബർ കോൺട്രാക്ടേർസ് സൊസൈറ്റിയെ ചുമതലപ്പെടുത്തി.
ജോർജ് എം. തോമസ് എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ടി അഗസ്റ്റിൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഏലിയാമ്മ ജോർജ്, ജില്ലാ ട്രൈബൽ ഓഫീസർ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ആൻസി സെബാസ്റ്റ്യൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു ജെയിംസ്, സവിത സുബ്രഹ്്മണ്യം തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

