സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം ഇന്നു തടസ്സപ്പെട്ടേക്കും
തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം ഇന്നു തടസ്സപ്പെട്ടേക്കും. ദേശീയ മെഡിക്കൽ കമ്മിഷൻ ബില്ലിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) രാജ്യവ്യാപകമായി നടത്തുന്ന മെഡിക്കൽ ബന്ദിൽ കേരളത്തിലെ ഡോക്ടർമാരും പങ്കെടുക്കുന്നതിനാലാണിത്.
കേരളത്തിലെ മുപ്പതിനായിരത്തിലേറെ ഡോക്ടർമാർ ഇന്നു രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ പണിമുടക്കുമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.ഇ.കെ.ഉമ്മർ അറിയിച്ചു. സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎയുടെ (കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ) നേതൃത്വത്തിൽ ഇന്നു രാവിലെ ഒൻപതു മുതൽ പത്തുവരെ സർക്കാർ ആശുപത്രികളിലെ ഒപി ബഹിഷ്കരിക്കും.
സർക്കാർ ഡോക്ടർമാർ ഇന്നു സ്വകാര്യ പ്രാക്ടീസ് ഒഴിവാക്കുമെന്നും അറിയിച്ചിട്ടുണ്ട്. മെഡിക്കൽ വിദ്യാർഥികളും പണിമുടക്കിൽ പങ്കുചേരും. എന്നാൽ, അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാർ ജോലിചെയ്യും. ഐഎംഎയുടെ നേതൃത്വത്തിൽ ഇന്നു ഡോക്ടർമാരുടെയും വിദ്യാർഥികളുടെയും രാജ്ഭവൻ മാർച്ചുമുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തെ തകർക്കാനുള്ള നടപടിയാണു കേന്ദ്രത്തിന്റേതെന്നു കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ.വി.മധു, ജന.സെക്രട്ടറി ഡോ.എ.കെ.റഊഫ് എന്നിവർ ആരോപിച്ചു.
ഹോമിയോപ്പതി, ആയുർവേദം എന്നിവ ഉൾപ്പടെയുള്ളവയിൽ ബിരുദമുള്ളവർക്ക് അലോപ്പതി പരിശീലിനത്തിന് അവസരം നൽകാൻ പ്രത്യേക ‘ബ്രിജ് കോഴ്സ്’ ആരംഭിക്കാൻ ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) ബില്ലിലുള്ള വ്യവസ്ഥയാണു ഡോക്ടർമാരുടെ പ്രതിഷേധത്തിനു കാരണം. ആയുർവേദം, യോഗാ–പ്രകൃതി ചികിത്സ, യുനാനി, സിദ്ധ തുടങ്ങിയവയാണ് ഇന്ത്യൻ മെഡിസിൻ കൗൺസിലിനു കീഴിൽ വരുന്ന ചികിത്സാവിധികൾ. എംബിബിഎസ് ബിരുദം ഇല്ലാത്തവർക്കു മെഡിക്കൽ പ്രാക്ടീസിന് അവസരം നൽകാനുള്ള നീക്കം കാര്യമായ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) പറയുന്നു. വ്യാജ വൈദ്യത്തിനു നിയമപരിരക്ഷ നൽകാനാണു ബില്ലെന്നും ആരോപണമുണ്ട്.

