ബഹ്റൈൻ സോപാനം വാദ്യകലാസംഘം : മേളാർച്ചന യാത്രയ്ക്ക് താൽക്കാലിക സമാപനം

തൃശ്ശൂർ : ബഹ്റൈൻ സോപാനം വാദ്യകലാസംഘം നടത്തിയ രണ്ടാംഘട്ട ഭാരത മേള പരിക്രമം മേളാർച്ചന യാത്രയുടെ താൽക്കാലിക സമാപനം ഗുരുവായൂർ മമ്മിയൂർ മഹാദേവക്ഷേത്രത്തിൽ ഗംഭീരമായ ചടങ്ങുകളൊടെ നടന്നു. സോപാനം ഗുരു സന്തോഷ് കൈലാസിന്റെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കൈലാസം വരെ നീളുന്ന യാത്രയുടെ രണ്ടാംഘട്ടം കന്യാകുമാരി ഏകാക്ഷര ഗണപതീക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു. കേരളത്തിലെ ഇരുപതോളം ക്ഷേത്രങ്ങളിൽ വിവിധ കേരളീയ മേളങ്ങളാൽ മേളാർച്ചന നടത്തി
2016 മുതൽ ആരംഭിച്ച ഒന്നാം ഘട്ട യാത്രയിൽ കൊല്ലൂർ മൂകാംബികമുതൽ ശബരിമലവരെയുള്ള ക്ഷേത്രങ്ങളിൽ മേളാർച്ചന നടന്നു. ഈ വർഷം ആരംഭിച്ച രണ്ടാം ഘട്ടയാത്ര കന്യാകുമാരിയിൽ നിന്നും ആരംഭിച്ച് ഗുരുവായൂർ മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ അവസാനിച്ചു. അടന്ത, അഞ്ചടന്ത, ചന്പ, ചെന്പട, പഞ്ചാരി, എന്നീ മേളങ്ങൾ അവതരിപ്പിച്ചായിരിരുന്നു യാത്ര. യാത്രയിലുടനീളം അതാതു ക്ഷേത്ര ദേവസ്വങ്ങളുടെ സ്വീകരണങ്ങളും അന്നദാനവും നടന്നു. ചെറിയകുട്ടികളും മുതിർന്നവരുമടക്കം 125 ൽ പരം ആളുകളും നിരവധി പ്രവാസകുടുംബങ്ങളും. ഈ വർഷത്തെ ഭാരതമേള പരിക്രമ യാത്രയിൽ പങ്കെടുത്തു.
ബഹ്റൈൻ സോപാനം ഏർപ്പെടുത്തിയ തൗര്യത്രിക പുരസ്കാരം പ്രസിദ്ധമദ്ദള കലാകാരൻ സദനം രാമചന്ദ്രമാരാർക്ക് സമർപ്പിച്ചു. 50001 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരാണു സമർപ്പിച്ചത്. പ്രശസ്ത മാധ്യമപ്രവർത്തകനും ചിത്രകാരനുമായ വി. ആർ. സത്യദേവ് രൂപകൽപ്പന ചെയ്ത തൗര്യത്രിക പുരസ്കാര ശിൽപം മനോഹരമായി നിർമ്മിച്ച പ്രശസ്ത ദാരുശിൽപി മുക്കാട്ടുകര രാജുവിനെ വേദിയിൽ ആദരിച്ചു. പ്രശസ്ത വാദ്യകലാകാരനായ സദനം വാസുദേവൻ, മട്ടന്നൂർ ശിവരാമൻ,ചൊവ്വല്ലൂർ മോഹനവാര്യർ, കൊടകര ഉണ്ണി, ദേവസ്വം ഓഫീസർ വിനീഷ് കുമാർ, തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. തുടർന്ന് പത്മശ്രീമട്ടന്നൂർ ശങ്കരൻ കുട്ടി മാരാരുടെ പ്രമാണത്തിൽ 125 വാദ്യ്കലാകാരന്മാർ പങ്കെടുത്ത പഞ്ചാരിമേളം അരങ്ങേറി. ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകരായ എം.പി രഘു, പ്രസാദചന്ദ്രൻ, മനോജ്കുമാർ, ഡോ. ശ്രീകുമാർ, തുടങ്ങിയ നിരവധി ബഹ്റൈൻ പ്രവാസികുടുംബങ്ങളും മേളാർച്ചനായാത്രയിലും സമാപന സമ്മേളനത്തിലും പങ്കെടുത്തു.