ജിഷ വധക്കേസിൽ പ്രതി അമീറുൾ ഇസ്്ലാമിന് വധശിക്ഷ
കൊച്ചി : കോളിളക്കം സൃഷ്ടിച്ച പെരുന്പാവൂരിലെ ജിഷ വധക്കേസിൽ പ്രതി അമീറുൾ ഇസ്്ലാമിന് വധശിക്ഷ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി അനിൽ കുമാറാണ് വിധിപ്രസ്താവിച്ചത്. കഴിഞ്ഞ ദിവസം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. നൽകേണ്ട ശിക്ഷസംബന്ധിച്ച് പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി ഇന്ന് വിധി പറഞ്ഞത്.
നിരായുധയായ ഒരു പെൺകുട്ടിയെ പ്രതി കൊലപ്പെടുത്തി എന്ന് മാത്രമല്ല കൊല നടത്തിയത് എത്ര ക്രൂരമായിട്ടാണെന്നത് കൂടി കോടതി പരിഗണിച്ച് പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. ഡൽഹിയിലെ നിർഭയ കേസുമായി സമാനതയുള്ള കൊലയാണിതെന്നും പ്രസിക്യൂഷൻ വാദിച്ചു. ജിഷയെ തനിക്കറിയില്ലെന്നും കൊല നടത്തിയിട്ടില്ലെന്നുമായിരുന്നു അമീറുൾ ഇസ്്ലാം കോടതിയെ അറിയിച്ചത്.
ഓരോ കുറ്റത്തിനും പ്രത്യേകം പ്രത്യേകം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഐ.പി.സി 302 വകുപ്പ് പ്രകാരമാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. ഐ.പി.സി 376 വകുപ്പ് പ്രകാരം മാനഭംഗത്തിന് ജീവപര്യന്തം കഠിനതടവും 25,000 രൂപ പിഴയും, ഐ.പി.സി 376 എ പ്രകാരം മരണകാരണമായ പീഡനക്കുറ്റത്തിന് 10 വർഷം കഠിനതവും പിഴയും, ഐ.പി.സി 449 പ്രകാരം അന്യായമായി തടഞ്ഞുവെച്ചതിന് ഏഴ് വർഷം കഠിനതടവ്, വീട്ടിൽ അതിക്രമിച്ച് കടന്നതിന് ഒരു വർഷം തടവും 1000 രൂപ പിഴയും എന്നിങ്ങനെയാണ് ശിക്ഷ. മറ്റ് ശിക്ഷകൾ വിധിച്ച ശേഷം ഒടുവിലായിട്ടായിരുന്നു വധശിക്ഷ പ്രഖ്യാപിച്ചത്.
അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്നും, അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണെന്നും പ്രതി പരമാവധി ശിക്ഷ അർഹിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.
2016 ഏപ്രിൽ 28ന് രാത്രി എട്ട് മണിയോടെയാണ് പെരുന്പാവൂരിലെ വീടിനുള്ളിൽ ജിഷയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. കൂലിപ്പണിക്ക് പോയ അമ്മ രാജേശ്വരി തിരികെ എത്തിയപ്പോഴായിരുന്നു ക്രൂരമായ രീതിയിൽ ജിഷയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. അന്യസംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിൽ 2016 ജൂൺ 14നാണ് അസം സ്വദേശി അമീറുൾ ഇസ്്ലാമിനെ പോലീസ് പിടികൂടിയത്.
വിധിയിൽ സന്തോഷമുണ്ടെന്ന് ജിഷയുടെ അമ്മ രാജേശ്വരി
കൊച്ചി : അമീറുൾ ഇസ്്ലാമിന് വധശിക്ഷ വിധിച്ചതിൽ സന്തോഷമുണ്ടെന്ന് ജിഷയുടെ അമ്മ രാജേശ്വരി പ്രതികരിച്ചു. ഇനി മറ്റൊരു പെൺകുട്ടിക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാവരുതെന്നും രാജേശ്വരി പറഞ്ഞു.
അതേസമയം കീഴ്ക്കോടതികളിൽ നട്ടെല്ലുള്ള ജഡ്ജിമാർ അപ്രത്യക്ഷരാകുന്നുവെന്ന് പ്രതിഭാഗം അഭിഭാഷകൻ ബി.എ ആളൂർ പറഞ്‍ഞു. വേണ്ടത്ര തെളിവുകൾ ഇല്ലാതിരുന്നിട്ടും അമീറുൾ ഇസ്‌ലാമിന് വധശിക്ഷ വിധിച്ചത് ജനങ്ങളേയും സർക്കാരിനെയും ഭയപ്പെടുന്നതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വധശിക്ഷ വിധിച്ചതിൽ സന്തോഷമുണ്ടെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. അന്വേഷണസംഘം കേസ് സമർദ്ധമായി അന്വേഷിക്കുകയും പ്രോസിക്യൂഷന് കോടതിയുടെ മുന്നിൽ അത് തെളിയിക്കുവാനും സാധിച്ചുവെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

