ആംനെസ്റ്റിയുടെ ആരോപണങ്ങൾ തെറ്റാണെന്ന് സർക്കാർ
മനാമ : രാജ്യത്തെ മനുഷ്യാവകാശ സാഹചര്യം സംബന്ധിച്ച ആംനെസ്റ്റി ഇന്റർനാഷണലിന്റെ ആരോപണം തെറ്റാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് തീവ്രവാദ ഭീഷണി, പ്രാദേശിക സംഘർഷങ്ങൾ, അസഹിഷ്ണുത എന്നിവയിൽ ബാഹ്യമായ ഇടപെടൽ ഉണ്ടായിട്ടും രാജ്യത്തിന്റെ പരമാധികാരവും മനുഷ്യാവകാശവും സംരക്ഷിക്കുന്നതിനുള്ള ശക്തമായ ശ്രമങ്ങൾ രാജ്യം നടത്തുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
‘പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുക’ എന്ന നിലപാടാണ് രാജ്യം സ്വീകരിക്കുന്നതെന്നായിരുന്നു ആംനെസ്റ്റിയുടെ ആരോപണം. എന്നാൽ ഈ ആരോപണം തെറ്റാണെന്ന് വ്യക്തമാക്കിയ ഗവൺമെന്റ്, ഇത്തരത്തിൽ റിപ്പോർട്ട് തയ്യാറാക്കിയ ആംനസ്റ്റിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. റിപ്പോർട്ടിന്റെ ഉറവിടം ആംനെസ്റ്റി വ്യക്തമാക്കുന്നില്ലെന്നും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. മനുഷ്യാവകാശ സംഘടന എന്ന നിലയിൽ ആംനെസ്റ്റി, തെറ്റായ വാർത്തകൾ അടിസ്ഥാനമാക്കി ആരോപണങ്ങൾ ഉന്നയിക്കാതെ അധികൃതരുമായി വിവരങ്ങൾ അവലോകനം ചെയ്യണമെന്നും മന്ത്രാലയം പറഞ്ഞു. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിൽനിന്നും വ്യതിചലിക്കുന്ന രീതിയാണ് ഇതെന്നും ഈ രീതി സംഘടനയ്ക്ക് ഹാനികരമായിരിക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. വെല്ലുവിളികൾക്കും ബുദ്ധിമുട്ടുകൾക്കും ഇടയിൽ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്ന രീതിയാണ് രാജ്യം സ്വീകരിക്കുന്നത്. ദേശീയ നിയമങ്ങൾ അംഗീകരിച്ചുകൊണ്ട് ജനങ്ങളുടെ സാമൂഹ്യ, രാഷ്ട്രീയ, വ്യക്തിപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് ബഹ്‌റൈൻ ശ്രമിക്കുന്നതെന്നും മന്ത്രാലയം പറഞ്ഞു.

