രാഹുൽ ഗാന്ധിയുടെ അഭിമുഖം സംപ്രേഷണം ചെയ്തത് വിവാദത്തിൽ
ന്യൂഡൽഹി : കോൺഗ്രസ് നിയുക്ത അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അഭിമുഖം ഗുജറാത്തിലെ ടിവി ചാനൽ പ്രക്ഷേപണം ചെയ്തത് വിവാദത്തിൽ. ഗുജറാത്തിൽ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കെയാണ് സംഭവം വിവാദമായത്. അഭിമുഖത്തിൽ രാഹുലിന്റെ പരാമർശങ്ങൾ ചർച്ചയായതിനെത്തുടർന്നാണ് വിവാദമായത്. രാഹുൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷൻ പരാതി നൽകി. പിന്നാലെ അഭിമുഖം സംപ്രേഷണം ചെയ്ത ടിവി ചാനലുകൾക്കെതിരെ എഫ്ഐആർ എടുക്കാൻ ഗുജറാത്ത് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകുകയായിരുന്നു.
തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശങ്ങൾ അനുസരിച്ചു വ്യാഴാഴ്ച തിരഞ്ഞെടുപ്പു നടക്കുന്നതിനു മുന്പുള്ള 48 മണിക്കൂർ തൊട്ട് ഇത്തരം അഭിമുഖങ്ങൾ പാടില്ല. കൃത്യമായി പറഞ്ഞാൽ ഡിസംബർ 12ന് വൈകിട്ട് അഞ്ചിനുശേഷം ഇതു സംപ്രേഷണം ചെയ്യാൻ പാടില്ല. വിശദീകരണം നൽകാൻ രാഹുലിനോടു നേരിട്ടു ഹാജരാകാൻ കമ്മിഷൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഡിസംബർ 18ന് വൈകുന്നേരം അഞ്ചിനു മുൻപ് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ഫലം 18നാണ് അറിയുക.
പരസ്യപ്രചാരണത്തിന്‍റെ സമയം അവസാനിച്ചശേഷം ഗുജറാത്തിലെ ടിവി ചാനലുകൾക്കു രാഹുൽ ഗാന്ധി അഭിമുഖം നൽകിയതിനെതിരെ ബിജെപി പരാതി നൽകിയിരുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പിലെ പരാജയഭീതിയെത്തുടർന്നു രാഹുൽ അസ്വസ്ഥനാണെന്നും മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകി പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്നുമാണു പരാതി. അതേസമയം, മുഖ്യമന്ത്രി വിജയ് രൂപാണിയും മറ്റുള്ളവരും ചേർന്നു ഭീഷണിപ്പെടുത്തിയാണ് രാഹുലിന്റെ അഭിമുഖം സംപ്രേഷണം ചെയ്തതെന്നാണു കോൺഗ്രസിന്റെ വാദം. ഭീഷണിപ്പെടുത്തിയവർക്കെതിരെയും കേസ് റജിസ്റ്റർ ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

