രാഹുൽ കേരളത്തിൽ : തീരദേശ മേഖലകൾ സന്ദർശിച്ചു


തിരുവനന്തപുരം : കോൺഗ്രസ് അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം രാഹുൽ ഗാന്ധി ആദ്യമായി കേരളത്തിലെത്തി. കേരളത്തിലെത്തിയ രാഹുൽ ഓഖി ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലെ തീരദേശ മേഖലകൾ സന്ദർശിച്ചു. ഓഖി ചുഴലിക്കാറ്റിൽ പ്രിയപ്പെട്ടവരെ നഷ്ടമായവർക്കൊപ്പം സമയം ചെലവഴിച്ച രാഹുൽ, ദുരന്തബാധിതർക്കായി തന്നാലാകുന്നതെല്ലാം ചെയ്യുമെന്ന് ഉറപ്പു നൽകി. ഇത്തരം ദുരന്തങ്ങളിൽനിന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പാഠം പഠിക്കണമെന്നും രാഹുൽ ഓർമ്മപ്പെടുത്തി.

അതേസമയം, മത്സ്യബന്ധന മേഖലയുടെ സമഗ്ര വികസനം സാധ്യമാകണമെങ്കിൽ കേന്ദ്രത്തിൽ മത്സ്യബന്ധനത്തിന് മാത്രമായി സ്വതന്ത്ര വകുപ്പു വേണമെന്ന രാഹുലിന്റെ നിർദ്ദേശത്തെ കയ്യടികളോടെയാണ് തീരദേശവാസികൾ സ്വീകരിച്ചത്. നിലവിൽ കൃഷിവകുപ്പിന് കീഴിലാണ് മത്സ്യബന്ധനം ഉൾപ്പെടുന്നത്. ഇത്ര വലിയൊരു ദുരന്തം ഇവിടെ നടന്നിട്ടും ദുരന്തമുഖം സന്ദർശിക്കാനോ ആവശ്യമായ നടപടികൾ കൈക്കൊള്ളാനോ വകുപ്പുമന്ത്രി തയാറായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മത്സ്യബന്ധനത്തിന് സ്വതന്ത്രവകുപ്പെന്ന ആശയം രാഹുൽ മുന്നോട്ടുവച്ചത്.

ദുരന്തമുണ്ടായതിനുശേഷം കേരളത്തിലെത്താൻ ‍‍വൈകിയതിൽ ക്ഷമ ചോദിച്ചാണ് രാഹുൽ പൂന്തുറയിൽ എത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെ ഡൽഹിയിൽനിന്നു തിരുവനന്തപുരത്തെത്തിയ രാഹുൽ വിമാനത്താവളത്തിൽനിന്നു തന്നെ നേരെ പൂന്തുറയിലേക്ക് പോവുകയായിരുന്നു. ഓഖി ദുരന്തത്തിൽ മരിച്ചവരുടെ ചിത്രങ്ങൾക്കു മുന്പിൽ ആദരാഞ്ജലി അർപ്പിച്ചശേഷം മരിച്ചവരുടെ ബന്ധുക്കളെയും രാഹുൽ കണ്ടു. അവരുടെ പരാതികൾ കേട്ട അദ്ദേഹം, തന്നാലാവുന്നതെല്ലാം ചെയ്യാമെന്ന് ഉറപ്പു നൽകുകയും ചെയ്തു. പിന്നീട് വിഴിഞ്ഞത്തെത്തിയ രാഹുൽ, ഹെലികോപ്റ്റർ മുഖേന കന്യാകുമാരി ജില്ലയിലെ ചിന്നത്തുറയിലേക്കു പോയി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തിരുവനന്തപുരം എംപി ശശി തരൂർ, വി.എസ്. ശിവകുമാർ തുടങ്ങിയ നേതാക്കളും രാഹുലിനെ അനുഗമിച്ചു. രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം ജാഥയുടെ സമാപന സമ്മേളനത്തിനത്തിൽ പങ്കെടുത്ത ശേഷം ഡൽഹിക്കു മടങ്ങും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed