കരിപ്പൂർ വിമാനത്താവളത്തിൽ 28.11 ലക്ഷത്തിന്റെ സ്വർണം പിടിച്ചു
കരിപ്പൂർ : ശരീരത്തിൽ ഒളിപ്പിച്ചും ലേഡീസ് ബാഗിന്റെ റിങ്ങുകളാക്കിയും കോഴിക്കോട് വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമം. രണ്ട് യാത്രക്കാരിൽനിന്നായി 28.11 ലക്ഷത്തിന്റെ 958 ഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി. എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ എത്തിയ കോഴിക്കോട് സ്വദേശി ശരീരത്തിൽ ഒളിപ്പിച്ചും പൗഡർ ടിന്നിന്റെ താഴെ ഒളിപ്പിച്ചും അഞ്ചു സ്വർണ ബിസ്കറ്റുകളാണു കടത്താൻ ശ്രമിച്ചത്. 583 ഗ്രാം സ്വർണത്തിന് 17.11 ലക്ഷം രൂപ വിലവരും.
മസ്ക്കറ്റിൽ നിന്ന് ഒമാൻ എയർ വിമാനത്തിൽ എത്തിയ പാലക്കാട് സ്വദേശി റജിസ്ട്രേഡ് ബാഗേജിൽ കൊണ്ടുവന്ന ലേഡീസ് ബാഗിൽ നിന്നാണു 11 ലക്ഷം രൂപയുടെ 375 ഗ്രാം സ്വർണം കണ്ടെടുത്തത്. ബാഗിന്റെ ഭംഗിക്കായി ഘടിപ്പിച്ചതെന്നു തോന്നുന്ന റിങ്ങുകളായിട്ടായിരുന്നു സ്വർണം. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ജോയ് തോമസിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ കെ.സുബ്രഹ്മ ണ്യൻ, ദാസ്മാലിക്, ഇൻസ്പെക്ടർമാരായ ദിനേശ്കുമാർ, എം.ജയൻ, എന്നിവർ ചേർന്നാണ് സ്വർണം കണ്ടെടുത്തത്.

