ചികിത്സാ പിഴവ്; യുവതി മരിച്ചു
പരിയാരം: മെഡിക്കൽ കോേളജ് ആശുപത്രിയിൽ ശസ്ത്രകിയയ്ക്ക് വിധേയയായ യുവതിമരിച്ചു. വെള്ളാവിലെ നാരായണൻ്റെ മകൾ പ്രീതയാണ് മരിച്ചത്. ചികിത്സാ പിഴവ് ആരോപിച്ചു ബന്ധുക്കളും നാട്ടുകാരും ആശുപത്രിയിൽ പ്രതിഷേധിച്ചു. ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു. അണുബാധയും പഴുപ്പുമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയതായി സൂചനയുണ്ട്. പരിയാരം സെൻട്രലിലെ ഓട്ടോ ഡ്രൈവറായ ഇ.സി ചന്ദ്രന്റെ ഭാര്യ കെ പ്രീത (35) ആണ് മരിച്ചത്.
ഒരാഴ്ച മുന്പ് പിത്താശയ കല്ലു നീക്കം ചെയ്യാൻ പരിയാരത്ത് ശസ്ത്രകിയ നടത്തിയിരുന്നു. വീട്ടിലെത്തി വയറുവേദനയും വീക്കവും അനുഭവപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ ദിവസം വീണ്ടും പരിയാരം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പഴുപ്പു നീക്കം ചെയ്യാൻ വീണ്ടും ശസ്ത്രകിയ നടത്തിയെങ്കിലും ഇന്നലെ രാവിലെ മരിച്ചു. ഏഴുമാസം പ്രായമുള്ള ശിവദ ഏകമകൾ. സഹോദരൻ പ്രദീപൻ. ആശുപത്രിയിലെ സംഘർഷാവസ്ഥയെ തുടർന്ന് തളിപ്പറന്പ് സി.ഐ പി.കെ സുധാകരന്റെ നേതൃത്വത്തിൽ പോലീസ് എത്തിയിരുന്നു. ചികിത്സാരേഖകൾ പോലീസ് കസ്റ്റഡിയിൽ എടുത്തു.

