ചിന്നക്കനാലിൽ കാട്ടാനയാക്രമണം രൂക്ഷം ; വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
നാട്ടുകാർ വനംവകുപ്പ് ഓഫീസ് ഉപരോധിച്ചു
മൂന്നാർ : ചിന്നക്കനാലിൽ കാട്ടാനയാക്രമണം രൂക്ഷമായി. കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ചിന്നക്കനാൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. ചിന്നക്കനാൽ തിരുവള്ളുവർ കോളനിയിൽ മാടസ്വാമിയുടെ ഭാര്യകാളിയമ്മാൾക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച വൈകീട്ട് ഷണ്‍മുഖവിലാസത്ത് പാട്ടത്തിനെടുത്ത് നടത്തുന്ന ഏലത്തോട്ടത്തിൽ പണി കഴിഞ്ഞ് ഭർത്താവുമൊത്ത് മടങ്ങുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. മാടസ്വാമി ഓടിയെങ്കിലും കാളിയമ്മാളിനെ തുന്പിക്കൈകൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു. ദൂരേക്ക് തെറിച്ചുവീണ കാളിയമ്മാളിന്റെ അലർച്ച കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ മൂന്നാർ ടാറ്റാ ടീ ഹൈറേഞ്ച് ആശുപത്രിയിലെത്തിച്ചത്. നട്ടെല്ലിനും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ ഇവരെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഇതേ തുടർന്ന് ഇന്നലെ നാട്ടുകാർ വനംവകുപ്പ് ഓഫീസ് ഉപരോധിച്ചു. കാട്ടാനയാക്രമണം കുറയുന്നതുവരെ, ചിന്നക്കനാൽ, സിങ്കുകണ്ടം, 301 കോളനി, ആനയിറങ്കൽ മേഖലകളിൽ എലിഫന്റ് സ്‌ക്വാഡിനെ നിയമിക്കാമെന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഉറപ്പിനെതുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്. രണ്ടുമണിയോടെ തേക്കടിയിൽനിന്നുള്ള അഞ്ചംഗ എലിഫന്റ് സ്‌ക്വാഡ് സ്ഥലത്തെത്തി നടപടികൾ തുടങ്ങി.

