നവകേരള സദസ്സ് അട്ടിമറി കേസ്: എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ കർശന നടപടിക്ക് വഴിതുറക്കുന്നു


ശാരിക

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള യാത്രക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സുരക്ഷ ഉദ്യോഗസ്ഥർ ക്രൂരമായി മർദിച്ച സംഭവത്തിൽ, കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ കർശന നടപടിക്ക് വഴിതുറക്കുന്നു. കേസ് അട്ടിമറിക്കാൻ അജിത് കുമാർ നേരിട്ട് ഇടപെട്ടതായി തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ, പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ലഭിക്കുന്നതോടെ അദ്ദേഹത്തെ സസ്പെൻഡ് ചെയ്തേക്കുമെന്നാണ് വിവരം.

നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാർ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ തല്ലിച്ചതച്ച സംഭവത്തെ ‘രക്ഷാപ്രവർത്തനം’ എന്ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു. തുടർന്ന്, യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെയാണ് കേസ് അട്ടിമറിക്കപ്പെട്ടെന്ന ആരോപണത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചത്.

അന്വേഷണത്തിലാണ് എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ കേസ് അട്ടിമറിക്കാൻ ആസൂത്രിത ശ്രമം നടന്നതായി കണ്ടെത്തിയത്. കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരെ എ.ഡി.ജി.പിയുടെ ഓഫിസിലേക്ക് വിളിപ്പിച്ച് കേസ് ഡയറിയിൽ തിരുത്തലുകൾ വരുത്താൻ സമ്മർദം ചെലുത്തിയതായും തെളിഞ്ഞിട്ടുണ്ട്.

സംഭവത്തിൽ ഉൾപ്പെട്ട അഞ്ച് പൊലീസുകാരും ഗുരുതരമായ ചട്ടലംഘനം നടത്തിയെന്നും അവർ കുറ്റക്കാരാണെന്നും വ്യക്തമാക്കി പ്രത്യേക അന്വേഷണ സംഘം ആലപ്പുഴ സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. മർദനത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ മറച്ചുവെച്ച് പ്രതികളെ രക്ഷിക്കാൻ എ.ഡി.ജി.പി നേരിട്ട് ഇടപെട്ടതായാണ് എസ്‌.ഐടി റിപ്പോർട്ടിൽ പറയുന്നത്. എസ്‌.ഐ.ടി തലവനായിരുന്ന എസ്.പി ഷൗക്കത്തലി ഇത് സംബന്ധിച്ച അന്തിമ റിപ്പോർട്ട് കഴിഞ്ഞ മാസം സംസ്ഥാന പൊലീസ് മേധാവിക്ക് നേരിട്ട് കൈമാറിയിരുന്നു.

യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തെ ഗൺമാൻമാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് മർദിച്ച് നേരിട്ടതിനെ, അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലും മറ്റും ന്യായീകരിച്ചത് ‘രക്ഷാപ്രവർത്തനം’ എന്ന വാക്ക് ഉപയോഗിച്ചായിരുന്നു. പ്രതിഷേധക്കാരുടെ ആക്രമണത്തിൽനിന്ന് തന്നെ രക്ഷപ്പെടുത്താനാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

എന്നാൽ, പ്രതിഷേധിച്ചവരെ സുരക്ഷാ ഉദ്യോഗസ്ഥർ തെരുവിലിട്ട് മർദിക്കുന്നതിന്റെയും ഡി.വൈ.എഫ്.ഐ പ്രവർത്തകർ അക്രമത്തിൽ പങ്കാളികളാകുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദത്തിന് തിരികൊളുത്തി. ഇതൊരു തരം ‘അഴിഞ്ഞാട്ട’മാണെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അമിതാധികാരം പ്രയോഗിച്ചുവെന്നുമാണ് പ്രതിപക്ഷം ആരോപിച്ചത്.

ഒരു രാഷ്ട്രീയ പ്രതിഷേധത്തെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ കൈകാര്യം ചെയ്ത രീതിയും, പിന്നീട് അത് അന്വേഷിച്ച ഉദ്യോഗസ്ഥർ കേസ് അട്ടിമറിക്കാൻ ശ്രമിച്ചതും ചേർന്നാണ് ഈ വിഷയത്തെ കേരള രാഷ്ട്രീയത്തിലെ വലിയൊരു വിവാദമാക്കി മാറ്റിയത്.

article-image

safsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed