ജാമ്യാപേക്ഷയുമായി ദിലീപ് വീണ്ടും ഹൈക്കോടതിയിൽ
കൊച്ചി : നടിയെ അക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. ഇന്ന് ഉച്ചയോടെയാണ് അഭിഭാഷകൻ ബി. രാമൻ പിള്ള മുഖേന ജാമ്യാപേക്ഷ സമർപ്പിച്ചത്. കേസിൽ ഒരു വിഭാഗം സിനിമാക്കാർ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്നും മാധ്യമങ്ങളെയും ഒരു കൂട്ടം പോലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും ഇവർ സ്വാധീനിച്ചുവെന്നും ദിലീപ് ജാമ്യാപേക്ഷയിൽ പറയുന്നു.
കേസിലെ മുഖ്യപ്രതി പൾസർ സുനിയെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല. അന്വേഷണവുമായി പൂർണ്ണമായും സഹകരിച്ചു. ഷൂട്ടിംഗ് കഴിഞ്ഞതും വരാനിരിക്കുന്നതുമായി ചിത്രങ്ങൾ പ്രതിസന്ധിയിലായി. അൻപത് കോടിയോളം രൂപ ഇതിനായി മുടക്കിയിട്ടുണ്ടെന്നും ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. ജാമ്യ ഹർജി വെള്ളിയാഴ്ച കോടതിയുടെ പരിഗണനയ്ക്ക് വരും. ദിലീപ് ഇത് രണ്ടാം തവണയാണ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കുന്നത്. നേരത്തെ അഭിഭാഷകൻ രാംകുമാർ മുഖേന നൽകിയ ജാമ്യഹർജി ഹൈക്കോടതി തള്ളിയിരുന്നു. കഴിഞ്ഞ ഒരു മാസമായി ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ദിലീപ് ആലുവ സബ് ജയിലിലാണ് കഴിയുന്നത്.

