മുരുകന്റെ മരണം കേരളത്തിന് അപമാനം : മാപ്പ് ചോദിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : ആശുപത്രികളുടെ അനാസ്ഥയെ തുടർന്ന് ചികിത്സ കിട്ടാതെ മരിച്ച തമിഴ്‌നാട് സ്വദേശി മുരുകന്റെ (30) കുടുംബത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് ചോദിച്ചു. മുരുകന്റെ കുടുംബത്തോട് സംസ്ഥാനത്തിന് വേണ്ടി മാപ്പുചോദിക്കുന്നുവെന്ന് പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ആശുപത്രികളിൽ നിന്ന് ചികിത്സ കിട്ടാത്തത് അതിക്രൂരമാണ്. ഇനിയൊരു ദാരുണസംഭവം ഉണ്ടാകാതിരിക്കട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.
മുരുകന്റെ മരണം കേരളത്തിന് അങ്ങേയറ്റം അപമാനമാണ്. ഉന്നതമായ പരിശോധന ഇക്കാര്യത്തിൽ നടത്തും. ചികിത്സ കാര്യങ്ങളിൽ വേണമെങ്കിൽ നിയമനിർമ്മാണം നടത്താനോ നിയമഭേദഗതിക്കോ സർക്കാർ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുരുകന് ചികിത്സ നൽകാതിരുന്ന കൊല്ലത്തെ സ്വകാര്യ ആശുപത്രികൾ ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്. ഇക്കാര്യത്തിൽ കേസന്വേഷണം പുരോഗമിക്കുന്നതായും പ്രാഥമിക ചികിത്സ പോലും നിഷേധിച്ചതാണ് മരണകാരണമായതെന്നും ആരോഗ്യമന്ത്രി കെ.കെ ഷൈലജ അറിയിച്ചു.
അതേസമയം മുരുകന്‍റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കൊണ്ട് മുഖ്യമന്ത്രി തമിഴിൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. മുഖ്യമന്ത്രിയുടെ കാര്യാലയത്തിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് മുരുകന്‍റെ കുടുംബത്തോട് സംസ്ഥാനത്തിനായി മുഖ്യമന്ത്രി മാപ്പ് ചോദിച്ചതായി വ്യക്തമാക്കിയിട്ടുള്ളത്.
കഴിഞ്ഞ ദിവസമാണ് ബൈക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മുരുകൻ ചികിത്സ ലഭിക്കാതെ മരിച്ചത്. മൂന്ന് സ്വകാര്യ ആശുപത്രികളും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി അധികൃതരും കൈയൊഴിഞ്ഞതോടെയാണ് അത്യാസന്ന നിലയിലായ തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യമുണ്ടായത്. ഏഴര മണിക്കൂറോളം ആംബുലൻസിൽ മരണത്തോട് മല്ലിട്ട മുരുകൻ ഒടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.

