കെ.എസ്.ആർ.ടി.സി ബസ്സിൽ നിന്ന് 18 കിലോ ചന്ദനം പിടികൂടി
നെയ്യാറ്റിൻകര : അമരവിള ചെക്ക് പോസ്റ്റിൽ കെ.എസ്.ആർ.ടി.സി ബസിൽ കടത്തിക്കൊണ്ടുവന്ന 18 കിലോ ചന്ദനം പിടികൂടി. നാഗർകോവിലിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസിലാണ് രണ്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന 18 കിലോ വരുന്ന 28 ചന്ദനക്കട്ടികൾ എക്സൈസിന്റെ വാഹന പരിശോധനയ്ക്കിടെ പിടിച്ചെടുത്തത്.
സംഭവത്തിൽ കന്യാകുമാരി പത്മനാഭപുരം പാലസിന് സമീപം കുറിച്ചിക്കാട്ടുവിള വീട്ടിൽ മരിയദാസ്, തിരുനെൽവേലി കളക്കാട് ചിദംബരപുരത്തിൽ സുന്ദർ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരെ വനംവകുപ്പിന് കൈമാറി റിമാൻഡ് ചെയ്യുമെന്ന് എക്സൈസ് അറിയിച്ചു.
എക്സൈസ് സി.ഐ രാജൻ ബാബു, ഇൻസ്പെക്ടർ അനിൽകുമാർ, പി.ഒമാരായ ജസ്റ്റിൻരാജ്, ഷാജു, സി.ഇ.ഒമാരായ ഹർഷകുമാർ, അനീഷ്, രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.

