ഭവനനിർമ്മാണ പദ്ധതിയിൽ അനർഹർ കടന്നുകൂടരുത്: മന്ത്രി ഡോ. കെ.ടി ജലീൽ
കോട്ടയം : സർക്കാർ ആവിഷ്കരിച്ച ലൈഫ് മിഷൻ ഭവന നിർമ്മാണ പദ്ധതിയിൽ അനർഹർ കടന്നുകൂടാതിരിക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്ന് മന്ത്രി ഡോ. കെ.ടി ജലീൽ. പാറത്തോട് പഞ്ചായത്ത് ഓഫീസ് സമുച്ചയം രണ്ടാം നിലയുടെയും പഞ്ചായത്തിലെ ജലനിധി രണ്ടാം ഘട്ടത്തിന്റെയും ജില്ലയിലെ പഞ്ചായത്ത് ഉദ്യോഗസ്ഥർക്കുള്ള സിംകാർഡ് വിതരണത്തിന്റെയും ഉദ്ഘാടനം പൊടിമറ്റം സെന്റ് മേരീസ് പാരീഷ് ഹാളിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
വിവിധ സർക്കാർ ഭവന പദ്ധതികളിൽ പണിപൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലാത്ത 70,000 വീടുകളുടെ നിർമ്മാണം ഈ വർഷം പൂർത്തിയാക്കും. നിർദ്ധന കുടുംബങ്ങൾക്ക് വീട് നൽകുന്നതിനായി ഗുണഭോക്തൃലിസ്റ്റ് തയ്യാറാക്കുന്ന സാഹചര്യത്തിൽ അനർഹർ കടന്ന് കൂടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അടുത്തവർഷം 90,000 ക്ലേശകുടുംബങ്ങളെ സർക്കാരിന്റെ ഭവന നിർമ്മാണ പദ്ധതിയിൽപ്പെടുത്തി വീടുകൾനൽകുമെന്നും അദ്ദേഹം പറഞ്ഞു.
ലൈഫ് പദ്ധതി പ്രകാരം നാല് ലക്ഷം രൂപയാണ് ഒരു ഭവനത്തിന് നിർമ്മാണച്ചെലവായി നിശ്ചയിച്ചത്. 13−ാം പഞ്ചവത്സര പദ്ധതി നാടിന്റെ വികസനത്തിൽ നാഴികക്കല്ലാകും. ഈ വർഷം മെയ് 31നകം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾക്ക് അംഗീകാരം നേടണം എന്ന സർക്കാർ നിർദേശം പാലിക്കാതിരുന്ന രണ്ട് പഞ്ചായത്ത് സെക്രട്ടറിമാർക്കെതിരെ വകുപ്പുതല നടപടിയെടുത്തു. ഉദ്യോഗസ്ഥരുടെ അഴിമതി അവസാനിപ്പിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പരാതിപ്പെട്ടികൾ ഉപയോഗിക്കാൻ ജനങ്ങൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

