ദിലീപിന്റെ റിമാൻഡ് കാലാവധി അടുത്തമാസം എട്ടുവരെ നീട്ടി
അങ്കമാലി : നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചതിലെ ഗൂഢാലോചനക്കേസിൽ ആലുവ സബ് ജയിലിൽ കഴിയുന്ന ദിലീപിന്റെ റിമാൻഡ് കാലാവധി നീട്ടി. അടുത്തമാസം എട്ടു വരെയാണ് റിമാൻഡ് നീട്ടിയത്. കോടതിയിലേക്കു കൊണ്ടുപോകുന്നതിലെ സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടി പൊലീസ് നൽകിയ അപേക്ഷ പരിഗണിച്ച് വിഡിയോ കോൺഫറൻസിങ് വഴിയാണ് ദിലീപിനെ ഹാജരാക്കിയത്.
കസ്റ്റഡിയിൽ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ആലുവ സബ് ജയിലിൽ നിന്നു പലതവണ ദിലീപിനെ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ദിലീപിനെ ഹാജരാക്കുന്നതറിഞ്ഞു ജനങ്ങൾ കോടതിയിലും വഴിയിലും തടിച്ചുകൂടി കൂവുകയും മുദ്രാവാക്യം വിളിക്കുകയുമുണ്ടായി. ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ സുരക്ഷാപ്രശ്നം വർധിക്കുമെന്നാണു പൊലീസിന്റെ വാദം. ഇതേത്തുടർന്നാണു കോടതി വിഡിയോ കോൺഫറൻസിന് അനുമതി നൽകിയത്.

