ദിലീപിന്റെ മാനേജർ അപ്പുണ്ണി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ മാനേജർ സുനിൽരാജ് (അപ്പുണ്ണി) മുൻകൂർ ജാമ്യാപേക്ഷ നൽകി. ഹൈക്കോടതിയിലാണ് അപ്പുണ്ണി ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. അപ്പുണ്ണി സംസ്ഥാനത്തിനു പുറത്തേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തന്നെയും നാദിർഷയെയും മാപ്പുസാക്ഷികളാക്കാൻ ശ്രമമുണ്ടെന്ന് അപ്പുണ്ണി ജാമ്യാപേക്ഷയിൽ വാദിച്ചു. നടിയെ അക്രമിക്കാൻ ശ്രമിച്ച കേസിൽ ദിലീപിനെ ബന്ധിപ്പിക്കാൻ തെളിവുകളില്ലെന്നും അപ്പുണ്ണി അവകാശപ്പെടുന്നു.
സുനിൽരാജ് (അപ്പുണ്ണി) അറസ്റ്റിലാവും മുൻപു ജാമ്യം നേടാനാണ് ദിലീപ് ശ്രമിക്കുന്നത്. ജാമ്യാപേക്ഷ മജിസ്ട്രേട്ട് കോടതി തള്ളിയ സാഹചര്യത്തിൽ ഹൈക്കോടതിയിലേക്കും സുപ്രീം കോടതിയിലേക്കും നീങ്ങാൻ ഒരുങ്ങുകയാണു ദിലീപ്.
കേസിലെ മുഖ്യപ്രതി സുനിൽ കുമാറിന്റെ (പൾസർ സുനി) മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും. പ്രതീഷ് ചാക്കോയുടെ അഭിഭാഷകനു ഹാജാരാകാൻ കഴിയാത്തതിനാൽ ചൊവ്വാഴ്ച ജാമ്യാപേക്ഷ മാറ്റിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരായി ചോദ്യം ചെയ്യലിനു വിധേയനാകാന്‍ പ്രതീഷ് ചാക്കോയോട് കോടതി നിര്‍ദേശിച്ചിരുന്നു. കുറ്റക്കാരനല്ലെന്നു തെളിഞ്ഞാല്‍ അറസ്റ്റുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ ഇടക്കാല ജാമ്യം അനുവദിക്കാന്‍ കോടതി തയാറായില്ല.

