തമ്മിൽ തല്ലി ‘അമ്മ’യുടെ മക്കൾ : ഇന്നസെന്റിനെതിരെ ഗണേഷ് കുമാർ

തിരുവനന്തപുരം : താര സംഘടനയായ അമ്മ പിരിച്ച് വിടണമെന്നാവശ്യപ്പെട്ട് എംഎൽഎ ഗണേഷ് കുമാർ. കത്തിലൂടെയാണ് ഗണേഷ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കത്തിൽ അമ്മയുടെ പ്രസിഡണ്ട് ഇന്നസെന്റിനെ രൂക്ഷമായി വിമർശിച്ചിട്ടുമുണ്ട് ഗണേഷ്. പതിമൂന്ന് പേജ് വരുന്ന കത്തിലാണ് വിമർശനം. ഈ കത്ത് താൻ കൊച്ചിയിലെ അമ്മയുടെ യോഗത്തിന് മുന്പ് അയച്ചതാണെന്ന് ഗണേഷ് കുമാർ വെളിപ്പെടുത്തുന്നു.
അംഗങ്ങൾക്കോ സമൂഹത്തിനോ നാടിനോ നാട്ടുകാർക്കോ യാതൊരു പ്രയോജനവും ചെയ്യാതെ ഇന്നത്തെ നിലവാരത്തിൽ മുന്നോട്ടു പോകുന്നതിനെക്കാൾ ഭേദം സംഘടന പിരിച്ചുവിട്ട് മുഴുവൻ സ്വത്തുക്കളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യുകയോ, റീജ്യണൽ കാൻസർ സെന്ററിലെ നിർദ്ധനരായ രോഗികൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനുള്ള ഒരു സ്ഥിരം നിക്ഷേപമായി ആർ.സി.സി.യ്ക്ക് നൽകുകയോ ചെയ്യുന്നതാണ് നല്ലതെന്ന് കത്തിൽ ഗണേഷ് പ്രധാനമായും പറയുന്നു. കഴിഞ്ഞ ദിവസം അമ്മയുടെ ജനറൽബോഡി യോഗത്തിനുശേഷം നടന്ന വാർത്താസമ്മേളനത്തിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അമ്മയുടെ തീരുമാനത്തെ പ്രതിരോധിച്ച മാധ്യമപ്രവർത്തകരോട് രൂക്ഷമായ ഭാഷയിൽ ഗണേഷ് മറുപടി പറഞ്ഞിരുന്നു. അതിന് ശേഷമാണ് ഗണേഷ് എഴുതിയതെന്ന പേരിൽ ഇത്തരത്തിലൊരു കത്ത് പുറത്തുവരുന്നത്.
സംഘടനയുടെ പ്രവർത്തനം നിർജീവമായി നീങ്ങുന്നത് കാഴ്ചക്കാരനെപ്പോലെ കണ്ടുനിൽക്കാൻ കഴിയുന്നില്ലെന്നും നടൻ സിദ്ധിഖിനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് ഇങ്ങനെയൊരു സംഘടന രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചന തുടങ്ങിയതെന്നും എന്നാൽ ഇപ്പോൾ ഒരു നടി ആക്രമിക്കപ്പെട്ട കേസിൽ നല്ല സമീപനമല്ല സംഘടന സ്വീകരിച്ചതെന്നും ഗണേഷ് കത്തിൽ പറയുന്നു.