കാവ്യയുടെ വീട്ടിൽ പരിശോധന : സുനി ദിലീപ് ചിത്രത്തിന്റെ ലൊക്കേഷനിൽ

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതി പൾസർ സുനിയുടെ മൊഴിയിലെ സത്യമന്വേഷിച്ച് നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവന്റെ വീട്ടിൽ പോലീസ് പരിശോധനയ്ക്കെത്തി. നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ പകർത്തിയെന്ന് സംശയിക്കുന്ന മെമ്മറി കാർഡ്, കൊച്ചി കാക്കനാട്ടുള്ള സ്ഥാപനത്തിൽ ഏൽപ്പിച്ചതായി പ്രതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കാവ്യയുടെ വീട്ടിൽ പരിശോധനയ്ക്കെത്തിയത്. എന്നാൽ വീട് പൂട്ടികിടക്കുന്നതിനെ തുടർന്ന് പോലീസ് തിരിച്ചു പോകുകയായിരുന്നു. കൂട്ടുപ്രതി വിജീഷാണ് മെമ്മറി കാർഡ് കൈമാറിയതെന്നാണ് സുനി നൽകിയിരിക്കുന്ന മൊഴി. കഴിഞ്ഞ ദിവസം നടി കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ ഒാൺലൈൻ വസ്ത്രവ്യാപാര സ്ഥാപനത്തിലും പോലീസ് എത്തിയിരുന്നു.
പരിശോധനയിൽ മെമ്മറി കാർഡ് കണ്ടെടുക്കാനായിട്ടില്ലെന്നാണ് വിവരം. അന്വേഷണം വഴിതെറ്റിക്കുന്നതിന് വേണ്ടിയാണോ പ്രതി ഇത്തരമൊരു മൊഴി നൽകിയതെന്നും പോലീസ് സംശയിക്കുന്നുണ്ട്.
അതേസമയം കേസിലെ മുഖ്യപ്രതി പൾസർ സുനി ദിലീപ് അഭിനയിച്ച ചിത്രത്തിന്റെ ലൊക്കേഷനിലെത്തിയതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ജോർജേട്ടൻസ് പൂരത്തിന്റെ ലൊക്കേഷനായ തൃശ്ശൂർ കിണറ്റിങ്ങൽ ടെന്നിസ് അക്കാദമിയിലാണ് പൾസർ സുനി എത്തിയത്. ഇതുസംബന്ധിച്ച ഫോട്ടോകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ക്ലബിലെ ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്തു. ആക്രമിക്കപ്പെട്ട നടി ക്ലബ്ബിലെ ഹെൽത്ത് സെന്ററിൽ സ്ഥിരമായി എത്താറുണ്ടായിരുന്നുവെന്ന് ജീവനക്കാരൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
സുനി ലൊക്കേഷനിൽ വന്നതായി അറിവില്ലെന്ന് ചിത്രത്തിന്റെ സംവിധായകൻ കെ.ബിജു പ്രതികരിച്ചു. ഡ്രൈവറായോ ലൊക്കേഷനിലെ മറ്റേതെങ്കിലും ജോലിക്കാരനായോ സുനിയെ ഉൾപ്പെടുത്തിയിട്ടില്ലെന്നും ബിജു പറഞ്ഞു. ദിലീപും പ്രതി സുനിയും ഒരേ ടവർ ലൊക്കേഷന് കീഴിൽ വന്നു എന്നതിനെ അടിസ്ഥാനമാക്കി പോലീസ് നടത്തിയ അന്വേഷണത്തിലാണ് സുനി സിനിമാ ലൊക്കേഷനിൽ നിൽക്കുന്ന ചിത്രങ്ങൾ ലഭിച്ചത്.