പ്രാദേശിക പദ്ധതി സമർപ്പണത്തിന് ഇനി രണ്ടുദിവസം മാത്രം : തദ്ദേശ സ്ഥാപനങ്ങൾ അനാസ്ഥ തുടരുന്നു


തിരുവനന്തപുരം : പ്രാദേശിക പദ്ധതികൾ സമർപ്പിക്കാൻ ഇനി രണ്ടുദിവസം മാത്രം ശേഷിക്കെ സംസ്ഥാനത്തെ 171 തദ്ദേശ സ്ഥാപനങ്ങൾ ഇനിയും ഉണർന്നിട്ടില്ല. റോഡ് നവീകരണം, അഴുക്കുചാൽ നിർമാണം, ഭവന നിർമാണം, സ്കൂൾ - അങ്കണവാടി നവീകരണം, പട്ടികജാതി-പട്ടിക വിഭാഗങ്ങൾക്കുള്ള പദ്ധതികൾ തുടങ്ങിയവ ഉൾപ്പെടുന്നതാണു തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾ.

ഈ മാസം 10നു മുൻപ് ഓൺലൈനായി പദ്ധതി രേഖകൾ സമർപ്പിക്കണമെന്നു നിർദേശിച്ചിരുന്നെങ്കിലും നടപടികൾ ഉണ്ടാകാത്തതിനാൽ 15 വരെ നീട്ടി നൽകിയിരുന്നു. 15നും സമർപ്പിച്ചില്ലെങ്കിൽ പദ്ധതി വിഹിതം നഷ്ടമാകുമെന്നാണു മുന്നറിയിപ്പ്. മലപ്പുറത്ത് ഒരു നടപടിയും പൂർത്തിയാക്കാത്തതിനാൽ രണ്ടു പഞ്ചായത്ത് സെക്രട്ടറിമാരെ സസ്പെൻഡ് ചെയ്തു.

എല്ലാ തദ്ദേശ സ്ഥാപനങ്ങളും പദ്ധതി സമർപ്പിച്ച വയനാട് ജില്ല മന്ത്രിയുടെ പ്രത്യേക പ്രശംസ നേടിക്കഴിഞ്ഞു. ഉൽപാദനം, സേവനം, പശ്ചാത്തല വികസനം എന്നീ മൂന്നു മേഖലകളിലാണു തദ്ദേശ സ്ഥാപനങ്ങൾ മുഖ്യമായും പദ്ധതി തയാറാക്കേണ്ടത്. മുൻപില്ലാത്ത വിധം സർക്കാർ തിടുക്കം കൂട്ടുന്നതിനാൽ സംസ്ഥാനമൊട്ടാകെ പദ്ധതി തയാറാക്കലും ആലോചനാ യോഗങ്ങളും ദ്രുതഗതിയിൽ നടക്കുകയാണ്.

ചരിത്രത്തിലാദ്യമായാണു ജൂണിൽ‌ തന്നെ പദ്ധതി സമർപ്പണം പൂർത്തിയാക്കാൻ സർക്കാർ നീങ്ങുന്നത്. മുൻ കാലങ്ങളിൽ പദ്ധതി സമർപ്പണം ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെ നീണ്ടിരുന്നു. അംഗീകാരം ലഭിച്ച് ഇവ നടപ്പാക്കി തുടങ്ങുമ്പോൾ ഡിസംബർ ആകും. പിന്നെ ആകെയുള്ള മൂന്നു മാസംകൊണ്ടു പൂർത്തിയാക്കാൻ കഴിയാതെ മിക്ക പദ്ധതികളും പാതിവഴിയിലാകും. ഇക്കുറി ജൂലൈയിൽ തന്നെ പദ്ധതികളുടെ പ്രവൃത്തി തുടങ്ങാനാണ് ഈ അതിവേഗ നീക്കം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed