പടവെട്ട് സംവിധായകൻ ലിജു കൃഷ്ണയ്ക്ക് ആശ്വാസം; ബലാത്സംഗക്കേസിൽ കുറ്റവിമുക്തനാക്കി കോടതി
ഷീബ വിജയൻ
കൊച്ചി: ലൈംഗികപീഡന പരാതിയിൽ പടവെട്ട് സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണയെ കോടതി കുറ്റവിമുക്തനാക്കി. എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ലിജു കൃഷ്ണയെ വെറുതെ വിട്ടുകൊണ്ട് ഉത്തരവിട്ടത്. 2022-ലാണ് കൊച്ചി ഇൻഫോ പാർക്ക് പൊലീസ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്. 2020-ൽ കാക്കനാട്ടെ ഫ്ലാറ്റിലും വിവിധ ഹോട്ടലുകളിലും കൊണ്ടുപോയി തന്നെ നിരവധി തവണ പീഡിപ്പിച്ചെന്നായിരുന്നു കൊച്ചി സ്വദേശിനിയായ യുവതിയുടെ പരാതി.
നിവിൻ പോളി നായകനായ പടവെട്ട് എന്ന ആദ്യ ചിത്രത്തിന്റെ കണ്ണൂരിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നാണ് ലിജു കൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ലിജു തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ഇതോടെ താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നിരുന്നു. പടവെട്ട് സിനിമയുടെ പ്രദർശനാനുമതി തടയണമെന്നാവശ്യപ്പെട്ട് യുവതി അന്ന് കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹൈക്കോടതി ആ ഹർജി തള്ളിയിരുന്നു. ചിത്രത്തിന്റെ തിരക്കഥയിലടക്കം താൻ നൽകിയ വിലയേറിയ നിർദേശങ്ങളുടെയും സഹായങ്ങളുടെയും ക്രെഡിറ്റ് തട്ടിയെടുത്ത് സിനിമ പുറത്തിറക്കുന്നത് തന്നോടുള്ള നീതികേടാണെന്നായിരുന്നു യുവതി അന്ന് ഉന്നയിച്ച പ്രധാന ആരോപണം.
xccxcxcv


