മണ്ഡല പുനർനിർണയ ബിൽ: കെ. സുധാകരനോട് വിദേശയാത്ര ചുരുക്കി മടങ്ങാൻ നിർദേശം; മുഴുവൻ എം.പിമാരും ഡൽഹിയിലെത്തണം
ഷീബ വിജയൻ
ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബിൽ അവതരിപ്പിക്കുന്നതിനായി തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ കോൺഗ്രസിന്റെ മുഴുവൻ എം.പിമാരുടെയും സാന്നിധ്യം ഉറപ്പാക്കാൻ എ.ഐ.സി.സി നടപടികൾ ഊർജിതമാക്കിയതായി കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്. നിലവിൽ യു.എ.ഇയിലുള്ള കെ. സുധാകരനോട് വിദേശ സന്ദർശനം ചുരുക്കി അടിയന്തരമായി മടങ്ങിയെത്താൻ എ.ഐ.സി.സി നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഞായറാഴ്ച രാവിലെ എല്ലാ എം.പിമാരും ഡൽഹിയിൽ എത്തണമെന്ന് ഇൻഡ്യാ സഖ്യ നേതൃത്വം നിർദേശം നൽകിയതിന് പിന്നാലെയാണ് സണ്ണി ജോസഫിന്റെ പ്രതികരണം. എന്നാൽ, ചികിത്സാർത്ഥമുള്ള യാത്ര റദ്ദാക്കി കെ. സുധാകരൻ തിരിച്ചെത്തുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നും സണ്ണി ജോസഫ് അറിയിച്ചു. സംസ്ഥാനത്ത് നേതാക്കൾ പരസ്യപ്രതികരണങ്ങൾ ഒഴിവാക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ എ.ഐ.സി.സി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പയ്യന്നൂരിൽ സി.പി.എം നേതാവ് കൊലപാതകത്തെ ന്യായീകരിച്ച സംഭവം കേരള രാഷ്ട്രീയത്തിൽ ഗൗരവമായി ചർച്ച ചെയ്യേണ്ടതാണെന്നും, പ്രസ്തുത നേതാവിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് പുറത്താക്കാൻ സി.പി.എം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചീമേനിയിൽ കോടതി വെറുതെ വിട്ട നിരപരാധികളായ കോൺഗ്രസ് പ്രവർത്തകരെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന വെളിപ്പെടുത്തലിൽ സി.പി.ഐ ഭാഗികമായെങ്കിലും നിലപാട് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സി.പി.എം മൗനം പാലിക്കുകയാണ്. പിണറായി ഭരണകാലത്ത് കണ്ണൂരിൽ യൂത്ത് കോൺഗ്രസുകാരെ സി.പി.എമ്മുകാർ ആക്രമിച്ചപ്പോഴും പകപോക്കൽ രാഷ്ട്രീയമല്ല കോൺഗ്രസ് സ്വീകരിച്ചതെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
bfgcfxvv


