കേരളത്തിലെ നെൽവയലുകളിൽ അഞ്ച് പതിറ്റാണ്ടിനിടെ 80 ശതമാനം കുറവ്
ഷീബ വിജയൻ
തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ കേരളത്തിലെ നെൽവയലുകളുടെ വിസ്തൃതിയിൽ 80 ശതമാനത്തിന്റെ കുറവുണ്ടായതായി 'അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ് 2024-25' റിപ്പോർട്ട്. 1975-76ൽ 8.76 ലക്ഷം ഹെക്ടറായിരുന്ന നെൽകൃഷി 2024-25ൽ 1.77 ലക്ഷം ഹെക്ടറായി ചുരുങ്ങി. ഇതോടെ നെല്ലുത്പാദനവും 13.31 ലക്ഷം ടണ്ണിൽ നിന്ന് 5.30 ലക്ഷം ടണ്ണായി കുറഞ്ഞു.
കുറഞ്ഞ വരുമാനമാണ് കർഷകരെ നെൽകൃഷിയിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. ഒരു ഹെക്ടർ വിരിപ്പുനെൽകൃഷിയിൽ നിന്ന് ലഭിക്കുന്ന ലാഭം 12,500 രൂപ മാത്രമാകുമ്പോൾ തെങ്ങ് (78,000), മരച്ചീനി (3 ലക്ഷം), വാഴ (3.60 ലക്ഷം) എന്നിവയിൽ നിന്ന് ഉയർന്ന വരുമാനം ലഭിക്കുന്നു. നെൽവയലുകളുടെ ശോഷണം ഭൂഗർഭജലത്തെയും വെള്ളപ്പൊക്ക നിയന്ത്രണത്തെയും ബാധിക്കുന്ന ഗുരുതര പാരിസ്ഥിതിക പ്രശ്നമാണെന്ന് സിഡിഎസ് ഡയറക്ടർ പ്രൊഫ. സി. വീരമണി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം നാളികേരം, വാഴപ്പഴം, അടയ്ക്ക, മരച്ചീനി എന്നിവയുടെ ഉൽപാദനത്തിലും ഇടിവുണ്ടായി. എന്നാൽ ചക്ക ഉൽപാദനം 16 ശതമാനവും റബർ ഉൽപാദനം 16.7 ശതമാനവും വർധിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
cxcxczxcxz


