രാംചന്ദ്ര പൗഡൽ നേപ്പാൾ പ്രസിഡന്റ്

നേപ്പാൾ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മുതിർന്ന കോണ്‍ഗ്രസ് നേതാവ് രാംചന്ദ്ര പൗഡൽ വന്‍ ഭൂരിപക്ഷത്തിൽ വിജയിച്ചു. എതിരാളിയായ സുഭാഷ് ചന്ദ്ര നെംബാംഗിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 33,802 വോട്ടുകളാണ് പൗഡൽ നേടിയത്. എന്നാൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ−യൂണിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റിന്റെ നേതാവായ നെംബാങ്ങിന് 15,818 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.വിദ്യാർത്ഥി നേതാവായി രാഷ്ട്രീയ ജീവിതം ആരംഭിച്ച പൗഡൽ മുന്‍ ഉപപ്രധാനമന്ത്രിയും ജനപ്രതിനിധി സഭയുടെ സ്പീക്കറുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2008ൽ നേപ്പാൾ റിപ്പബ്ലിക്കായതിന് ശേഷമുള്ള മൂന്നാമത്തെ പ്രസിഡന്റാണ് പൗഡൽ. മാർച്ച് 13−ന് രണ്ടാം ടേം പൂർത്തിയാക്കിയ ബിധ്യാ ദേവി ഭണ്ഡാരിയുടെ പിന്‍ഗാമിയാണ് അദ്ദേഹം.
പ്രാദേശിക പാർട്ടികളുൾപ്പെടെ എട്ട് കക്ഷികളുടെ പൊതു സ്ഥാനാർത്ഥിയായ പൗഡലിന് 214 പാർലമെന്റിലെയും 352 പ്രവിശ്യാ അസംബ്ലി അംഗങ്ങളുടെയും വോട്ട് ലഭിച്ചു. 'പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എന്റെ സുഹൃത്ത് രാം ചന്ദ്ര പൗഡൽജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ', നേപ്പാളി കോണ്‍ഗ്രസ് മേധാവി ഷേർ ബഹദൂർ ദ്യൂബ ട്വീറ്റ് ചെയ്തു. എട്ട് രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെയാണ് പൗഡലിന്റെ വിജയം ഉറപ്പായത്. അദ്ദേഹത്തിന്റെ എതിരാളിയായ സുബാസ് ചന്ദ്ര നെബ്മാങ്ങിന് മുന്‍ പ്രധാനമന്ത്രി കെപി ശർമ്മയുടെ നേതൃത്വത്തിലുള്ള സിപിഎന്‍−യുഎംഎല്ലിന്റെ പിന്തുണയുണ്ടായിരുന്നു.
2008ൽ നേപ്പാൾ റിപ്പബ്ലിക്കായതിനു ശേഷം നടക്കുന്ന മൂന്നാമത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പാണിത്. നിലവിലെ പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരിയുടെ കാലാവധി മാർച്ച് 13ന് അവസാനിക്കും. രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള ആകെ വോട്ടർമാരുടെ എണ്ണം 882 ആണ്. അതിൽ 518 പ്രവിശ്യാ അസംബ്ലി അംഗങ്ങളും 313 പാർലമെന്റ് അംഗങ്ങളും വോട്ട് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വക്താവ് ഷാലിഗ്രാം പറഞ്ഞു. പൗഡൽ തെരഞ്ഞെടുക്കപ്പെടുമെന്ന് അദ്ദേഹം നേരത്തെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. 'ഫെഡറൽ പാർലമെന്റിലെയും പ്രൊവിന്‍ഷ്യൽ അസംബ്ലികളിലെയും അംഗങ്ങൾ എനിക്ക് വോട്ട് ചെയ്യുമെന്ന് പൂർണ വിശ്വാസമുണ്ട്. വർഷങ്ങൾ നീണ്ട എന്റെ പോരാട്ടത്തിൽ ജനങ്ങൾ ശരിയായി വിധി എഴുതുമെന്ന് ഞാന്‍ വിശ്വസിക്കുന്നു', അദ്ദേഹം പറഞ്ഞു.
sets