കാനഡയ മന്ത്രിസഭയിൽ മൂന്ന് ഇന്ത്യൻ വംശജർ കൂടി

ഓട്ടവ: കാനഡയിൽ പ്രതിരോധവകുപ്പിലേക്ക് ഇന്ത്യൻ വംശജനായ ഹർജിത് സജ്ജൻ അധികാരമേറ്റതിന് പിന്നാലെ വിവിധവകുപ്പുകളിലായി മൂന്ന് ഇന്ത്യൻവംശജർകൂടി മന്ത്രിപദത്തിലെത്തി. ഇതാദ്യമായാണു നാല് ഇന്ത്യൻ വംശജർ മന്ത്രിസഭയിൽ ഇടംനേടുന്നത്.
ബർദീഷ് ചാഗർ (ചെറുകിട വ്യവസായ–വിനോദസഞ്ചാരം), അമർജീത് സോഹി (അടിസ്ഥാനസൗകര്യ വികസനം), നവ്‌ദീപ് ബെയ്ൻസ് (ശാസ്ത്രഗവേഷണം, സാമ്പത്തിക വികസനം) എന്നിവരെയാണു പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്.
കഴിഞ്ഞമാസം നടന്ന പൊതുതിരഞ്ഞെടുപ്പിൽ 19 ഇന്ത്യൻ വംശജരാണു തിരഞ്ഞെടുക്കപ്പെട്ടത്. ഇത്രയേറെ ഇന്ത്യൻവംശജർ പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെടുന്നതും ഇതാദ്യമായാണ്. 30 അംഗ മന്ത്രിസഭയിൽ 15 പേർ വനിതകളാണ്.
ബർദിഷ് ചാഗർ: ചെറുകിട വ്യവസായം, വിനോദസഞ്ചാരം.
ഇന്ത്യയിൽനിന്ന് കാനഡയിലെ വാട്ടർലൂവിലേക്കു കുടിയേറിയതാണു ചാഗറിന്റെ മാതാപിതാക്കൾ.
അമർജീത് സോഹി: അടിസ്ഥാനസൗകര്യ വികസനവും സാമൂഹികക്ഷേമവും
1981ൽ കാനഡയിലെ എഡ്മൻഡനിലേക്കു കുടിയേറി. ബസ് ഡ്രൈവറായിരുന്നു. 1988ൽ ഖലിസ്ഥാൻ തീവ്രവാദക്കുറ്റം ചുമത്തി ബിഹാറിൽ അറസ്റ്റിലായി. 1990ൽ കാനഡയിൽ തിരിച്ചെത്തി.
നവ്‌ദീപ് ബെയ്ൻസ്: ശാസ്ത്രഗവേഷണം, സാമ്പത്തിക വികസനം.
2013ൽ ജസ്റ്റിൻ ട്രൂഡോയെ ലിബറൽ പാർട്ടി നേതൃസ്ഥാനത്തേക്കു കൊണ്ടുവരാൻ പ്രധാന പങ്കുവഹിച്ച സിഖ് നേതാക്കളിലൊരാൾ. 2004 മുതൽ എംപിയാണ്.