ചാൾസ് രാജാവിന്റെ കിരീടധാരണം അടുത്തവർഷം മേയ് 6ന്, ചടങ്ങുകൾ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ


എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ രാജാവായി അവരോധിതനായ ചാൾസ് മൂന്നാമന്റെ കിരീടധാരണം അടുത്തവർഷം നടക്കും. 2023 മേയ് ആറിനാകും ചടങ്ങുകൾ നടക്കുക എന്ന് ട്വിറ്ററിലൂടെ രാജകുടുംബം വ്യക്തമാക്കി. കിരീടധാരണം വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടക്കുമെന്നുമാണ് ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്നുള്ള വിവരം. ചാൾസ് 41-ാമത്തെ രാജാവാണ്.

രാജവംശത്തിന്റെ പങ്കും പ്രാധാന്യവും വിളിച്ചോതുന്നതായിരിക്കും കിരീടധാരണ ചടങ്ങുകളെന്ന് ബക്കിംഗ്ഹാം കൊട്ടാരം ട്വീറ്റ് ചെയ്തു. പാരമ്പര്യത്തിലൂന്നിയുള്ളതും ഭാവിയിലേക്ക് ഉറ്റു നോക്കിക്കൊണ്ടുള്ളതുമായിരിക്കും ആഘോഷപരിപാടികൾ. രാജാവിന്റെ കിരീടധാരണത്തിന് സമാനമായതും എന്നാൽ ലളിതവുമായ ചടങ്ങിൽ കാമില രാജ്ഞിയെയും കിരീടമണിയിക്കും.

കിരീടധാരണ വേളയിൽ, കാന്റർബറി ആർച്ച് ബിഷപ്പ് രാജാവിനെ അഭിഷേകം ചെയ്യുകയും അനുഗ്രഹിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യും. ചെങ്കോൽ സ്വീകരിച്ച ശേഷം ആർച്ച് ബിഷപ്പ് സെന്റ് എഡ്വേർഡിന്റെ കിരീടം രാജാവിന്റെ തലയിൽ അണിയിക്കുമെന്നും ബക്കിംഗ്ഹാം കൊട്ടാരം പുറത്തുവിട്ട വിവരം അടിസ്ഥാനപ്പെടുത്തി പിടിഐ റിപ്പോർട്ട് ചെയ്തു. ഏകദേശം 70 വർഷത്തിനുള്ളിൽ നടക്കുന്ന ആദ്യത്തെ കിരീടധാരണ ചടങ്ങായിരിക്കും അടുത്ത വർഷം നടക്കാൻ പോകുന്നത്.

article-image

a

You might also like

Most Viewed