നാറ്റോയ്‌ക്കെതിരെ ആഞ്ഞടിച്ച് യുക്രെയ്ൻ പ്രസിഡണ്ട്

പാശ്ചാത്യരാജ്യങ്ങളുടെ സൈനിക സഖ്യമായ നാറ്റോയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി യുക്രെയ്‌നിയൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി. റഷ്യൻ വ്യോമാക്രമണം തടയാൻ യുക്രെയ്‌നിന്റെ ആകാശം വ്യോമനിരോധന മേഖലയായി പ്രഖ്യാപിക്കണമെന്ന ആവശ്യം നാറ്റോ തള്ളിയതിനേത്തുടർന്നാണ് സെലൻസ്‌കി രോഷാകുലനായി രംഗത്തെത്തിയത്. റഷ്യൻ ബോംബിങ്ങിന് നാറ്റോ പച്ചക്കൊടി കാട്ടുകയാണെന്നും യുക്രെയ്‌നിലെ മരണങ്ങൾക്കും നാശനഷ്ടങ്ങൾക്കും ഉത്തരവാദി നാറ്റോ സൈനിക സഖ്യമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നാറ്റോയുടെ കഴിവുകേടും ഐക്യമില്ലായ്മയും റഷ്യയെ പ്രോത്സാഹിപ്പിക്കുകയാണെന്നും സെലൻസ്‌കി കുറ്റപ്പെടുത്തി. തലസ്ഥാനമായ കീവിൽ വെച്ച്, രാത്രി സമയത്ത് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് യുക്രെയ്ൻ പ്രസിഡന്റ് നാറ്റോയ്‌ക്കെതിരെ ആഞ്ഞടിച്ചത്.
യുക്രെയ്ൻ വ്യോമനിരോധിത മേഖലയായി പ്രഖ്യാപിച്ചാൽ സ്ഥിതിഗതികൾ വഷളാകുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്‌റ്റോൽട്ടൻബെർഗ് പറഞ്ഞു. അത്തരമൊരു നീക്കം വലിയൊരു യുദ്ധത്തിന് കാരണമായേക്കും. നാറ്റോ ഒരു പ്രതിരോധ സഖ്യമാണ്. സഖ്യത്തിൽ അംഗമായുള്ള രാജ്യങ്ങളൊന്നും ഈ സംഘർഷത്തിന്റെ ഭാഗമല്ല. യുക്രെയ്‌ൻ പുറത്തേക്ക് യുദ്ധം വ്യാപിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഞങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. അത് കൂടുതൽ വിനാശത്തിനും വിപത്തിനും വഴിയൊരുക്കുമെന്നും സ്റ്റോൽട്ടൻബെർഗ് കൂട്ടിച്ചേർത്തു.
യൂറോപ്യൻ യൂണിയൻ ആസ്ഥാനമായ ബ്രസൽസിൽ വിദേശകാര്യമന്ത്രിമാരുമായി ചേർന്ന പ്രത്യേക യോഗത്തിന് ശേഷമാണ് നാറ്റോ സെക്രട്ടറി ജനറൽ നിലപാട് വ്യക്തമാക്കിയത്.
യുക്രെയ്‌നിൽ വ്യോമപാത അടയ്ക്കുന്നത് സഖ്യവുമായി റഷ്യ നേരിട്ട് യുദ്ധം ചെയ്യുന്നതിന് വഴിയൊരുക്കുമെന്ന നാറ്റോ വാദം അംഗീകരിക്കാവുന്നതല്ലെന്ന് സെലൻസ്‌കി വിമർശിച്ചു. ∍ദുർബലരുടെ മോഹനിദ്രയാണിത്. ഞങ്ങളുടെ പക്കലുള്ളതിനേക്കാൾ എത്രയോ മടങ്ങ് ആയുധമുണ്ടായിരുന്നിട്ടും അകമേ അരക്ഷിതരായവരുടെ വാദം∍ സെലൻസ്‌കി കൂട്ടിച്ചേർത്തു.
വ്യോമനിരോധന മേഖലയായി പ്രഖ്യാപിച്ചാൽ യുക്രെയ്‌നിന് മുകളിൽ പറക്കുന്ന റഷ്യൻ വിമാനങ്ങൾ വെടിവെച്ചിടേണ്ടതായി വരുമെന്നതാണ് നാറ്റോയെ കുഴപ്പിക്കുന്നത്. റഷ്യ തിരിച്ചടിച്ചാൽ നാറ്റോ വിമാനങ്ങൾക്ക് ഭീഷണിയാകുന്ന റഷ്യൻ വ്യോമപ്രതിരോധ സംവിധാനങ്ങളും തകർക്കേണ്ടി വരും. ഇത് വ്യാപകമായ യുദ്ധത്തിന് വഴിയൊരുക്കാനിടയുണ്ട്. ആണവായുധങ്ങൾ സജ്ജമാക്കി വെയ്ക്കാൻ പുടിൻ ദിവസങ്ങൾക്ക് മുന്‍പ് നിർദ്ദേശം നൽകിയത് യുക്രെയ്‌നിലെ അധിനിവേശം ലോകയുദ്ധമായി മാറുമോയെന്ന ആശങ്കയ്ക്കിടയാക്കിയിരുന്നു.
മാരിയോപോൾ നഗരം റഷ്യ പിടിച്ചെടുത്തു. തെക്കൻ തീരമേഖലകൾ കേന്ദ്രീകരിച്ചാണ് റഷ്യയുടെ ആക്രമണം. യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് യുക്രെയ്ൻ അതിർത്തി രാജ്യങ്ങളായ പോളണ്ടും റൊമാനിയയും ഇന്ന് സന്ദർശിക്കുന്നുണ്ട്.