ട്രംപ് നിരവധി രേഖകൾ വൈറ്റ്ഹൗസിലെ ടോയ്‌ലറ്റിലൂടെ ഒഴുക്കിയെന്ന് ആരോപണം


തെരഞ്ഞെടുപ്പു പരാജയത്തിനു പിന്നാലെ അമേരിക്കൻ പ്രസിഡന്‍റ് ആയിരുന്ന ഡോണൾഡ് ട്രംപ് നിരവധി രേഖകൾ നശിപ്പിക്കുകയും കടത്തുകയും ചെയ്തെന്ന ആരോപണം കൂടുതൽ കരുത്താർജിക്കുന്നു. രേഖകൾ കീറിമുറിച്ചു വൈറ്റ്ഹൗസിലെ ടോയ്‌ലറ്റിലൂടെ ഒഴുക്കിയെന്നാണ് പുതിയ ആരോപണം ഉയർന്നിരിക്കുന്നത്.  വൈറ്റ്ഹൗസിലെ ടോയ്‌ലറ്റുകൾ പലപ്പോഴും പേപ്പർ മൂലം തടസപ്പെടുന്നുണ്ടായിരുന്നെന്നു ജീവനക്കാർ പറയുന്നതായി പുതിയ ആരോപണങ്ങളിൽ പറയുന്നു. പുറത്തിറങ്ങാനിരിക്കുന്ന ഒരു പുസ്തകത്തിലാണ് ഈ പുതിയ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ന്യൂയോർക്ക് ടൈംസ് ജേണലിസ്റ്റ് മാഗി ഹേബർമാന്‍റെ വരാനിരിക്കുന്ന പുസ്തകം ∀കോൺഫിഡൻസ് മാൻ∀ ആണ് ഈ ആരോപണം ഉയർത്തുന്നത്. ട്രംപിന്‍റെ ഒാഫീസ് ജീവിതത്തെക്കുറിച്ചു കാര്യങ്ങളാണ് പുസ്തകത്തിൽ പരാമർശിക്കുന്നത്.  

ഇതിനിടെ, പ്രസിഡൻഷ്യൽ രേഖകൾ സംരക്ഷിക്കുന്നതിന്‍റെ ചുമതലയുള്ള നാഷണൽ ആർക്കൈവ്സ് ഗുരുതരമായ മറ്റൊരു ആരോപണം കൂടി ഉയർത്തിയിട്ടുണ്ട്. ട്രംപ് ഓഫീസിലിരിക്കുന്പോൾ വൈറ്റ് ഹൗസ് പേപ്പറുകൾ കീറിക്കളയുന്ന ശീലമുണ്ടായിരുന്നെന്നും ഇത് അന്വേഷണ വിധേയമാക്കണമെന്നുമാണ് അവർ ആവശ്യപ്പെടുന്നത്. ആർക്കൈവ്സ് ജസ്റ്റീസ് ഡിപ്പാർട്ട്മെന്‍റിനോട് ട്രംപിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ടതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.  ഇതിനിടെ, ട്രംപിന്‍റെ ഫ്ലോറിഡ എസ്റ്റേറ്റിൽനിന്ന് 15 പെട്ടി നിറയെ രേഖകൾ കണ്ടെടുത്തതായി സർക്കാർ റിക്കാർഡ് ഓഫീസ് തിങ്കളാഴ്ച സ്ഥിരീകരിച്ചു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെത്തുടർന്ന് വാഷിംഗ്ടണിൽനിന്നു പോകുന്പോൾ അദ്ദേഹം ഒപ്പം കൊണ്ടുപോയതാണ് ഈ രേഖകളെന്നാണ് ആരോപണം.  രേഖകളിൽ ഉത്തര കൊറിയയുടെ നേതാവ് കിം ജോങ് ഉന്നുമായുള്ള ഔദ്യോഗിക കത്തിടപാടുകളും ഉണ്ടായിരുന്നു. അക്കാലത്തു ട്രംപ് അവയെ വിശേഷിപ്പിച്ചിരുന്നത് ∀പ്രണയലേഖനങ്ങൾ∀ എന്നായിരുന്നു. കഴിഞ്ഞ ആഴ്ച, ആർക്കൈവ്സ് ട്രംപ് ചില രേഖകൾ കീറിക്കളഞ്ഞുവെന്ന റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു, അവയിൽ ചിലതു പിന്നീട് ഒരുമിച്ച് ടേപ്പ് ചെയ്തതായും അവർ വെളിപ്പെടുത്തിയിരുന്നു. വാട്ടർഗേറ്റ് അഴിമതിയുടെ പശ്ചാത്തലത്തിൽ പാസാക്കിയ 1978 ലെ പ്രസിഡൻഷ്യൽ റിക്കാർഡ്സ് ആക്ട് (പിആർഎ) പ്രകാരം, യുഎസ് പ്രസിഡന്‍റുമാർ എല്ലാ ഇ−മെയിലുകളും കത്തുകളും മറ്റ് വർക്ക് ഡോക്യുമെന്‍റുകളും നാഷണൽ ആർക്കൈവ്സിലേക്ക് മാറ്റേണ്ടതുണ്ട്. ട്രംപ് ഇതു പലപ്പോഴും ലംഘിച്ചെന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണം. എന്നാൽ, പുതിയ ആരോപണങ്ങളെ ഡോണൾഡ് ട്രംപ് തള്ളിക്കളഞ്ഞു. നാഷണൽ ആർക്കൈവ്സ്മായുള്ള തന്‍റെ ബന്ധം ഊഷ്മളവും സൗഹാർദപരവുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഇതൊക്കെ മാധ്യമങ്ങളെ വ്യാജവാർത്തകളാണ്. ടോയ്‌ലറ്റിൽ രേഖകൾ ഒഴുക്കിയെന്ന ആരോപണം കള്ളമാണെന്നും പുസ്തകം വിറ്റഴിക്കാനായി കള്ളങ്ങൾ എഴുതി പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

You might also like

Most Viewed