കോവിഡ് ബൂസ്റ്റർ ഡോസ് സ്വീകരിച്ച് അമേരിക്കൻ പ്രസിഡണ്ട്

വാഷിംഗ്ടണ്‍ ഡിസി: കോവിഡ് പ്രതിരോധ വാക്സിന്‍റെ ബൂസ്റ്റർ ഡോസ് സ്വീകരിച്ച് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. തിങ്കളാഴ്ചയാണ് ബൈഡൻ ഫൈസർ വാക്സിന്‍റെ മൂന്നാം ഡോസ് ബൂസ്റ്റർ ഡോസായി സ്വീകരിച്ചത്. ഈ പകർച്ചവ്യാധിയെ ചെറുക്കാനും ജീവൻ രക്ഷിക്കാനും, നമ്മുടെ കുട്ടികളെ സുരക്ഷിതമായി നിലനിർത്താനും, നമ്മുടെ വിദ്യാലയങ്ങൾ തുറക്കാനും, നമ്മുടെ സന്പദ്‌വ്യവസ്ഥ മുന്നോട്ട് കൊണ്ടുപോകാനും, എല്ലാവർക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകണമെന്ന് ഞങ്ങൾക്കറിയാമെന്നും ബൈഡൻ വാക്സിൻ സ്വീകരിക്കുന്നതിന് മുന്നോടിയായി പറഞ്ഞു.
വാക്സിൻ സ്വീകരിക്കുന്നതിലൂടെ നിങ്ങളുടെ ജീവൻ രക്ഷിക്കാനും നിങ്ങളുടെ ചുറ്റുമുള്ളവരുടെ ജീവൻ രക്ഷിക്കാനും കഴിയുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു. അമേരിക്കയിൽ മുതിർന്ന പൗരന്മാർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ കഴിഞ്ഞ ആഴ്ചയാണ് അനുമതി നൽകിയത്. കോവിഡ് പ്രതിരോധ വാക്സിനായ ഫൈസർ വാക്സീനാണ് ബൂസ്റ്റർ ഡോസായി നൽകുന്നത്. 65 വയസിനു മുകളിലുള്ളവർക്കും ഗുരുതരരോഗങ്ങളുള്ളവർക്കുമാണ് വാക്സീൻ നൽകുന്നത്. രണ്ടാം ഡോസ് എടുത്ത് ആറുമാസത്തിനുശേഷമാണ് മൂന്നാം ഡോസ് ബൂസ്റ്റർ ഡോസായി നൽകുന്നത്.